സോപ്പ് മുതൽ ഉപ്പ് വരെ, വമ്പൻ വിലക്കുറവിൽ പുസ്‌തകങ്ങളും വിശാലമായ ഫുഡ് കോർട്ടും;  ഹിറ്റായി തലസ്ഥാനത്തെ  വഴിയോരക്കച്ചവട മേള 

Friday 19 August 2022 9:35 AM IST

തിരുവനന്തപുരം: വഴിയോരക്കച്ചവടത്തിന്റെ പുതിയ സാദ്ധ്യതകൾ കണ്ടെത്തുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കനകക്കുന്നിൽ നടക്കുന്ന വഴിയോരക്കച്ചവട മേള ജനശ്രദ്ധയാകർഷിക്കുന്നു. 21ന് മേള സമാപിക്കും. വഴിയോരക്കച്ചവടക്കാരും കുടുംബശ്രീ അയൽക്കൂട്ടങ്ങളും വിവിധ സംഘടനകളും മേളയിൽ പങ്കെടുക്കുന്നുണ്ട്. മേളയുടെ ഭാഗമായി ചെറുതും വലുതുമായ 120 സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വഴിയോര കച്ചവടം നല്ലരീതിയിൽ പ്രോത്സാഹിപ്പിക്കുകയും വഴിയോരക്കച്ചവടക്കാരെ ശക്തിപ്പെടുത്തുകയുമാണ് മേളയുടെ ലക്ഷ്യം.

നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിൽ കാണുന്ന വഴിയോരക്കച്ചവടക്കാരെ ഒരു കുടക്കീഴിൽ എത്തിച്ചിരിക്കുകയാണ് ഈ മേള. സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങി ഉപ്പ് മുതൽ കർപ്പൂരംവരെ വിലക്കുറവിൽ മേളയിൽ ലഭിക്കും. വീട്ടുപകരണങ്ങൾ, ഷോ പീസുകൾ, ബാഗുകൾ, ആഭരണങ്ങൾ, ചെരുപ്പ്, വസ്ത്രങ്ങൾ, അച്ചാറുകൾ, മുള -ചണം -ചിരട്ട - കയ‌ർ ഉത്പന്നങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ മേളയിലുണ്ട്. വായനാപ്രേമികൾക്ക് കുറഞ്ഞ ചിലവിൽ പുസ്തകങ്ങൾ സ്വന്തമാക്കാൻ യൂസ്ഡ് ബുക്സ് സ്റ്റാളും മേളയിലുണ്ട്.

മേള സന്ദർശിക്കുന്നവർക്ക് ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു), കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ വിശാലമായ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് ഇവിടെ വഴിയോരക്കച്ചവടക്കാരുടെ ലോൺമേള, ഐ.ഡി കാർഡ് വിതരണം, സെമിനാറുകൾ,വർക്ക്ഷോപ്പ് തുടങ്ങിയവയും നടക്കുന്നുണ്ട്.

Advertisement
Advertisement