ഗാന്ധി ചിത്രം തകർത്ത കേസിൽ രാഹുല്‍ ഗാന്ധിയുടെ പി എ അടക്കം നാല് കോണ്‍ഗ്രസ് പ്രവർത്തകർ അറസ്റ്റില്‍

Friday 19 August 2022 3:45 PM IST

കല്പറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് കെ.ആർ രതീഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ഗാന്ധി ചിത്രത്തെ അപമാനിച്ചു എന്നാണ് കേസ്.

നൗഷാദ്, മുജീബ്, രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായ മറ്റ് കോൺഗ്രസ് പ്രവർത്തകർ. ഇതിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരാണ്. ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നെങ്കിലും ആരും ഹാജരായില്ല. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ചതിന് ശേഷമുള്ള ദൃശ്യങ്ങളിൽ ഗാന്ധി ചിത്രം ചുമരിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള ദൃശ്യങ്ങളിൽ ഇത് പൊട്ടിയനിലയിൽ തറയിൽ കിടക്കുകയായിരുന്നു. ഇതിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണം അന്നേ ഉയർന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.

അതേസമയം, ഇത് കള്ളക്കേസാണെന്നും ആടിനെ പട്ടിയാക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ പി.എ രതീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്റെ പ്രതികരണം. ഗാന്ധിചിത്രം തകർക്കാൻ പ്രേരിപ്പിച്ചവർ ആരെന്ന് അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

Advertisement
Advertisement