സ്വർണക്കടത്ത്: കരിപ്പൂർ നോട്ടപ്പുള്ളി,​ മാഫിയ- ഉദ്യോഗസ്ഥ കൂട്ട് പൊളിക്കാൻ സി.ബി.ഐ

Saturday 20 August 2022 12:25 AM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത് സ്വർണവുമായി കസ്റ്റംസ് സൂപ്രണ്ട് പി.മുനിയപ്പ പിടിയിലായതോടെ സ്വർണക്കടത്ത്- ഉദ്യോഗസ്ഥ കൂട്ടുക്കെട്ടിന്റെ കള്ളക്കളി പുറത്തുകൊണ്ടുവരാനും വമ്പന്മാരെ പൂട്ടാനും സി.ബി.ഐ രംഗത്ത്. മുനിയപ്പ സംഭവത്തിൽ കൊച്ചി യൂണിറ്റ് പ്രാഥമിക വിവരശേഖരണം തുടങ്ങി.

ഒരുമാസത്തിനിടെ രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാരും ഒരു ഹവിൽദാറും പിടിയിലായതോടെ കരിപ്പൂർ സി.ബി.ഐയുടെ നോട്ടപ്പുള്ളിയാണ്. വൻമാഫിയകളുടെ കൈയിലാണ് കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം.

ഇടയ്ക്കിടെ സ്വർണക്കടത്ത് പിടിക്കുന്നുണ്ടെങ്കിലും എത്രയോ ഇരട്ടി പിടിക്കപ്പെടാതെ പോകുന്നുണ്ട്. അതിൽ പലതിലും കസ്റ്റംസിലെ ചിലരുടെ ഒത്താശയുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. കൂലിക്ക് കടത്തുന്ന കാരിയർമാർ മാത്രമാണ് പിടിയിലാകുന്നത്. പിന്നിലുള്ള വമ്പന്മാരിലേക്ക് അന്വേഷണം നീളാറില്ല.

കരിപ്പൂരിലെ നിരവധി ഉദ്യോഗസ്ഥർ കുറേനാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലാണ്. അങ്ങനെയാണ് യാദൃച്ഛികമായി മുനിയപ്പ പിടിയിലാകുന്നത്. വിമാനത്താവളത്തിനുള്ളിൽ കടന്ന് പൊലീസിന് പരിശോധന നടത്താൻ പരിമിതിയുള്ളതും ഉദ്യോഗസ്ഥ- മാഫിയ കൂട്ടുകെട്ടിന് എളുപ്പമാകുന്നുണ്ട്. സ്വർണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയിൽ തട്ടിക്കൊണ്ടുപോകലും കൊലപാതകവുമുൾപ്പെടെ നടക്കാറുണ്ട്. 2021 ജൂണിൽ കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ ഗുണ്ടാസംഘത്തിലെ അഞ്ച് യുവാക്കൾ മരിച്ച സംഭവം ഇത്തരത്തിലൊന്നാണ്. മേയ് 13ന് കരിപ്പൂരിലിറങ്ങിയ പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.


കടത്തിന് പിന്നിൽ
ഒരുവർഷം വിദേശത്ത് കഴിയുന്ന പുരുഷന് 20 ഗ്രാമും സ്ത്രീകൾക്ക് 40 ഗ്രാമും ഡ്യൂട്ടിയില്ലാതെ സ്വർണം കൊണ്ടുവരാം. 24 കാരറ്റിന്റെ ഒരുകിലോ സ്വർണം കൊണ്ടുവരാൻ 15 ശതമാനം ഡ്യൂട്ടി ഫീസായി അടയ്ക്കണം. ഏഴര ലക്ഷത്തോളം രൂപ. ഹ്രസ്വസന്ദർശനം നടത്തി മടങ്ങുന്നവർക്ക് 38.5 ശതമാനമാണ് നികുതി. ദിവസങ്ങളുടെ ഇടവേളകളിലാണ് കാരിയർമാർ ഗൾഫിലെത്തി തിരികെ പോരുന്നത്. ഡ്യൂട്ടി വെട്ടിക്കാനാണ് കടത്ത്. കടത്താണെന്ന് കസ്റ്റംസിന് ബോദ്ധ്യപ്പെട്ടാൽ 38.5 ശതമാനം നികുതിക്ക് പുറമെ 30 ശതമാനത്തോളം പിഴയും അടയ്ക്കണം. കേസുമുണ്ടാകും.

പിടിക്കപ്പെട്ടത്

 2021 ആഗസ്റ്റ് മുതൽ ജനുവരി വരെ 107 കേസുകൾ, 123 കിലോ

2022 ജനുവരി മുതൽ ഇതുവരെ 49 കേസുകൾ 71 കിലോ

Advertisement
Advertisement