ആടുകൾ വിജയന്റെ ജീവിതം

Friday 19 August 2022 11:31 PM IST

കോന്നി : പയ്യനാമൺ തേക്കുമല പുത്തൻവീടും പന്ത്രണ്ടു സെന്റ് പുരയിടവും ഇവിടുത്തെ താമസക്കാരായ വിജയനും അമ്മയും 50 ആടുകളും രണ്ടു നായ്ക്കളും അടങ്ങുന്ന കുടുംബം പകരുന്ന കൗതുകം ചെറുതല്ല. ചെറിയ വീട്ടിൽ അപൂർവ സഹോദരങ്ങളെ പോലെ മനുഷ്യരും വളർത്തുമൃഗങ്ങളും ജീവിക്കുന്നു. വംശനാശ ഭീഷിണി നേരിടുന്ന വേലിയാടുകൾ, തമിഴ്നാട്ടിൽ ഫൈറ്റിംഗിന് ഉപയോഗിക്കുന്ന മൈലം, രാജസ്ഥാനിലെ പർപ്പസാരി, പെട്രോളി, പഞ്ചാബിലെ ഷേറാബിറ്റ് എന്നീ ഇനങ്ങൾ ഇവിടെയുണ്ട്. പാലിന് ഔഷധഗുണമുള്ള വേലിയാടിനെ ഇന്ന് സംസ്ഥാനത്ത് അപൂർവമായി മാത്രമേ കാണാൻ കഴിയു. വീട്ടിൽ കട്ടിലിലാണ് ഇദ്ദേഹത്തിനൊപ്പം ആടുകൾ ഉറങ്ങുന്നത്. ആടുകൾക്കായി തീറ്റയും വെള്ളവും വീടിനുള്ളിൽ സൂക്ഷിക്കുന്നു. തന്റെ ചെറുപ്പത്തിൽ 120 വേലിയാടുകൾ വീട്ടിൽ ഉണ്ടായിരുന്നതായി വിജയൻ പറഞ്ഞു. ആടുകളെ വിൽപ്പന നടത്തുന്നുണ്ടെങ്കിലും പാൽ വിൽപ്പന നടത്താറില്ല. ബ്രീഡിങ്ങിന് വേണ്ടി മുട്ടൻആടുകളെയും വളർത്തുന്നു. ആടുകൾക്ക് തീറ്റ ശേഖരിച്ചു കൊണ്ടുവരാനായി വാഹനവും ഇദ്ദേഹത്തിനുണ്ട്. വളർത്താൻ താത്പര്യം ഉള്ളവർക്ക് ആട്ടിൻ കുട്ടികളെ നൽകുന്നുമുണ്ട്. സംരക്ഷിക്കാൻ കഴിവുള്ളവർക്ക് വേലിയാടിന്റെ കുട്ടികളെയും നൽകാൻ വിജയൻ സന്നദ്ധനാണ്. വേലിയാടുകൾക്ക് ഒരു പ്രസവത്തിൽ മൂന്നു കുട്ടികൾ വരെ ലഭിക്കും. വീട്ടിലെ നായ്ക്കൾക്കാണ് ആടുകളുടെ സംരക്ഷണ ചുമതല. പലതരം ആടുകളെ വളർത്തുന്നുണ്ടെങ്കിലും വേലിയാടുകളെയാണ് വിജയന് കൂടുതൽ ഇഷ്ടം.

Advertisement
Advertisement