മലയാളി മെഡലിന് വിലയില്ലേ സർക്കാരേ?

Saturday 20 August 2022 12:19 AM IST

കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ മലയാളികൾക്ക് സമ്മാനം പ്രഖ്യാപിക്കാതെ കേരളം

തിരുവനന്തപുരം : കഴിഞ്ഞവാരം ബർമ്മിംഗ്ഹാമിൽ സമാപിച്ച കോമൺവെൽത്ത് ഗെയിംസിൽ മെഡലുകൾ നേടിയ മലയാളി കായിക താരങ്ങൾക്ക് ഇതുവരെയും കേരള സർക്കാർ സമ്മാനത്തുക പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധമുയരുന്നു.

ഹരിയാന,ഉത്തർപ്രദേശ്,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ തങ്ങളുടെ മെഡലിസ്റ്റുകൾക്ക് കോടികൾ പ്രഖ്യാപിച്ചിട്ടും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നീക്കമുണ്ടാകാത്തതിനെത്തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സ്വർണമെഡൽ ജേതാവായ ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോളിന്റെ വീട് സന്ദർശിച്ചശേഷം യൂത്ത് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ് ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചതും വൈറലായി.സ്പോർട്സ് മന്ത്രിക്ക് ഇതുവരെ എൽദോസിനെ നേരിട്ടെത്തി അഭിനന്ദിക്കാൻ സമയം കിട്ടാത്തതിനെ ശക്തമായ ഭാഷയിലാണ് ശബരിനാഥൻ വിമർശിച്ചത്.

കഴിഞ്ഞ വർഷം ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോളി പി.ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ സംസ്ഥാസർക്കാർ വൈകിയതും വിവാദമായിരുന്നു. ഇതിനെത്തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ രണ്ട് കോടി രൂപയാണ് ശ്രീജേഷിന് നൽകിയത്.

6 മലയാളികൾ 7 മെഡലുകൾ

‌ ഈ കോമൺവെൽത്ത് ഗെയിംസിൽ ആറുമലയാളികൾ ചേർന്ന് നേടിയത് ഏഴുമെഡലുകളാണ്. ഇതിൽ ഏറ്റവും പ്രധാനം ട്രിപ്പിൾ ജമ്പിലെ എൽദോസ് പോളിന്റെ സ്വർണമാണ്. ട്രിപ്പിൾ ജമ്പിൽ വെള്ളിനേടിയത് മലയാളി താരം അബ്ദുള്ള അബൂബേക്കറാണ്. ലോംഗ്ജമ്പ് താരം എം.ശ്രീശങ്കറും വെള്ളിത്തിളക്കത്തിന് ഉടമയായി. വനിതാ ബാഡ്മിന്റൺ താരം ട്രീസ ജോളി രണ്ട് മെഡലുകളാണ് നേടിയത്; ടീം ഇവന്റിൽ വെള്ളിയും ഡബിൾസിൽ വെങ്കലവും.വെള്ളി നേടിയ പുരുഷ ഹോക്കി ടീമിൽ ശ്രീജേഷ് അംഗമായിരുന്നു. ദീപിക പള്ളിക്കൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കലം നേടി. എന്നാൽ ചെന്നൈയിൽ താമസിക്കുന്ന ദീപികയ്ക്ക് കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ സമ്മാനം നൽകിയിരുന്നു.

ഹരിയാനയുടെ ഒന്നരക്കോടി

മെഡൽ ജേതാക്കൾക്ക് ഹരിയാന കോടികളുടെ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വർണമെഡൽ ജേതാക്കൾക്ക് 1.5 കോടി,വെള്ളിക്ക് 75 ലക്ഷം,വെങ്കലത്തിന് 50 ലക്ഷം എന്നിങ്ങനെയാണ് ഹരിയാന നൽകുക. യു.പിയിൽ ഇത് ഒരുകോടി,75 ലക്ഷം,വെങ്കലത്തിന് 50 ലക്ഷം എന്ന ക്രമത്തിലാണ്. പഞ്ചാബ് 75ലക്ഷം,50ലക്ഷം,40 ലക്ഷം എന്ന ക്രമത്തിൽ നൽകും.

കോമൺവെൽത്ത് ഗെയിംസ് അത്‍ലറ്റിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ആറാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമാണ് എൽദോസ് പോൾ .

ഒരു കോമൺവെൽത്ത് ഗെയിംസിൽ 2 മെഡൽ‌ സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് ട്രീസ ജോളി.

കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോംഗ്ജമ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച നേട്ടമാണ് ശ്രീശങ്കറിന്റെ വെള്ളി.

Advertisement
Advertisement