എ.സി കോച്ചിലെ മോഷ്ടാവ് പിടിയിൽ

Saturday 20 August 2022 1:14 AM IST

കൊല്ലം: ട്രെയിനിൽ എ.സി കോച്ചുകളിൽ യാത്രചെയ്ത് മറ്റു യാത്രക്കാരുടെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ, ടാബ്‌ല​റ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടുന്ന ബാഗുകൾ മോഷ്ടിക്കുന്ന യുവാവിനെ കൊല്ലം റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര കുന്നിക്കോട് മേലില സ്വദേശി പുഷ്പരാജനാണ് പിടിയിലായത്. അടുത്തിടെ ട്രെയിനുകളിൽ മോഷണം വർദ്ധിച്ചതിനെ തുടർന്ന് റെയിൽവേ എസ്.പി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നു. തുടർന്ന് പുഷ്പരാജന്റെ മേലിലയിലുള്ള വീട് പരിശോധിച്ചപ്പോൾ മൂന്ന് ലാപ്‌ടോപ്പുകൾ, ഒരു മൊബൈൽ ഫോൺ, ഒരു ടാബ്‌ലറ്റ് എന്നിവ കണ്ടെടുത്തു. തിരുവനന്തപുരം ശ്രീചിത്രയിലെ ഒരു ഡോക്ടറുടെയും ആർ.സി.സിയിലെ പി.ജി വിദ്യാർത്ഥിനിയുടെയും മോഷണം പോയ ലാപ്‌ടോപ്പുകളും ഇതിലുണ്ട്. നിരവധി മോഷണങ്ങൾ നടത്തിയ പുഷ്പരാജൻ ആദ്യമായാണ് പിടിയിലാകുന്നത്. മാന്യമായി വേഷം ധരിച്ച് എ.സി കോച്ചുകളിൽ സഞ്ചരിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. റെയിൽവേ സ്​റ്റേഷൻ എസ്.എച്ച്.ഒ ആർ.എസ്.രഞ്ജുവിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജു, എ.എസ്.ഐ മനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത്, അനിൽ കുമാർ, സഞ്ജയ്, ഷിഹാബ്, ജിനദേവ്, ബർണാബസ്, അമീർഖാൻ, സുമേഷ്, ബിജു, ആർ.പി.എഫ് എസ്.ഐ രാജു, ആർ.പി.എഫിലെ ജിജോ വർഗീസ്, അബ്ദുസലാം, പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement