സൂക്ഷിക്കാം യൂറിയ ചേർത്ത പാൽ സുലഭം

Saturday 20 August 2022 1:48 AM IST

പരിശോധന കർശനമാക്കാൻ ഡയറി,ഭക്ഷ്യസുരക്ഷാ വകുപ്പുകൾ

തിരുവനന്തപുരം : ഓണക്കാലമായതോടെ സംസ്ഥാനത്തെത്തുന്ന പാലിന്റെ ഗുണമേന്മ അപകടത്തിൽ. അന്യസംസ്ഥാന ലോബി യൂറിയ കലർന്ന പാൽ വ്യാപകമായി കേരളത്തിലേക്ക് അയയ്ക്കുന്നു.

ഡിറ്റർജെന്റ്,കൊഴുപ്പ്,പാൽപ്പൊടി,ഗ്ലൂക്കോസ് എന്നിവയ്ക്കു പുറമേയാണ് മേന്മയും കൊഴുപ്പും കൂട്ടാനും ദിവസങ്ങളോളം കേടു കൂടാതെയിരിക്കാനും അപകടകരമായ അളവിൽ യൂറിയയും പാലിൽ ചേർക്കുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ 12,750 ലിറ്റർ യൂറിയ കലർത്തിയ പാൽ ഡയറി വകുപ്പ് പിടികൂടിയിരുന്നു. ഇതോടെ ഡയറി,ഭക്ഷ്യസുരക്ഷാ വകുപ്പുകൾ പാലിന്റെ നിലവാരം ഉറപ്പാക്കാനുള്ള പരിശോധന ആരംഭിച്ചു. ഉത്പാദിപ്പിക്കുന്നതിലും കൂടുതൽ പാൽ കേരളത്തിന് ആവശ്യമുണ്ട്. മിൽമയും കേരളത്തിലെ വിവിധ സ്വകാര്യ ഫാമുകളും പുറത്തിറക്കുന്ന പാലാണ് വീടുകളിൽ ഉപയോഗിക്കുന്നത്. വഴിയോര തട്ടുകടകൾ മുതൽ വൻകിടക്കാർ വരെ അന്യസംസ്ഥാന പാലാണ് വാങ്ങുന്നത്. സാധാരണ മിൽമ പാൽ ലിറ്ററിന് 48 രൂപയാണെങ്കിൽ ഇത്തരം പാൽ പരമാവധി 30 രൂപയ്ക്ക് ലഭിക്കും.

മനുഷ്യനെ

കൊല്ലും

യൂറിയ കലർന്ന പാൽ ഛർദ്ദി,മനംപുരട്ടൽ,വയറിളക്കം എന്നിവയ്ക്കു കാരണമാകും.

ഉപയോഗം പതിവായാൽ ഹൃദയം,വൃക്ക,കരൾ എന്നിവയുടെ പ്രവർത്തനം തകരാറിലാവും.

യൂറിയ നേരിയ അളവിൽ വർദ്ധിച്ചാലും അപകടം.

വൃക്ക തകരാറിലാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് ക്രമാതീതമായ യൂറിയയാണ്.

'ഓണത്തോടനുബന്ധിച്ച് കർശനമായ പരിശോധനകൾ നടക്കും. പാല് ഉൾപ്പെടെ

മായം ചേർത്ത് എത്തിക്കുന്നത് തടയും.'

- വി.ആർ.വിനോദ്

ഭക്ഷ്യസുരക്ഷാ കമ്മിഷണർ

Advertisement
Advertisement