സ്വർണം ഇറക്കുമതിയിൽ വർദ്ധന 6.4 ശതമാനം

Sunday 21 August 2022 3:12 AM IST

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി ഏപ്രിൽ-ജൂലായിൽ 6.4 ശതമാനം ഉയർന്ന് 1,290 കോടി ഡോളറിലെത്തി. കഴിഞ്ഞവർഷത്തെ സമാനകാലത്ത് ഇറക്കുമതി 1,200 കോടി ഡോളറിന്റേതായിരുന്നു. അതേസമയം, കഴിഞ്ഞമാസം ഇറക്കുമതി 43.6 ശതമാനം ഇടിഞ്ഞ് 240 കോടി ഡോളറായിട്ടുണ്ട്. നടപ്പു സാമ്പത്തികവർഷത്തെ ആദ്യമാസങ്ങളിലുണ്ടായ ആഭ്യന്തര ഡിമാൻഡ് പിന്നീട് കുറഞ്ഞതാണ് ഇതിനുകാരണം.

നടപ്പുവർഷം ഏപ്രിൽ-ജൂലായിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കാഡ് 3,000 കോടി ഡോളറിൽ എത്തിയിരുന്നു. സ്വർണം ഇറക്കുമതി വർദ്ധനയും ഇതിന് മുഖ്യകാരണമാണ്. 1,063 കോടി ഡോളറായിരുന്നു 2021 ഏപ്രിൽ-ജൂലായിൽ വ്യാപാരക്കമ്മി. ഇന്ത്യയുടെ ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമാണിത്.

ലോകത്ത് സ്വർണം ഉപഭോഗത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്.

ഏപ്രിൽ-ജൂലായിൽ ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജുവലറി കയറ്റുമതി 7 ശതമാനം ഉയർന്ന് 1,350 കോടി ഡോളറിലെത്തി.