വിശ്വാസത്തിന്റെ കരുത്തിൽ കുടപ്പാറ

Sunday 21 August 2022 12:28 AM IST
കലഞ്ഞൂരിലെ കുടപ്പാറ

കോന്നി : കാഴ്ചയുടെയും വിശ്വാസത്തിന്റെയും കരുത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ് കലഞ്ഞൂരിലെ കുടപ്പാറ. ദേശക്കാർക്ക് വിശേഷം വന്നാലും ദുരിതം വന്നാലും കുടപ്പാറമലയിലെത്തും. അവിടെ കുടപ്പാറ അപ്പൂപ്പന് വെറ്റിലയും അടയ്ക്കയും പുകയിലയും ചേർത്ത് മുറുക്കാൻ സമർപ്പിക്കും. വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിൽ മണ്ണടി ദേശത്തിന്റെ അധിപനായിരുന്ന കാലം മുതലുള്ള ഐതിഹ്യകഥകളാണ് കാമ്പിത്താനും കുടപ്പാറയുമായി. ആർക്കും കയറാൻ കഴിയാത്ത കുടപ്പാറയുടെ മുകളിൽ വാളും ചിലമ്പും പിടിച്ചുനിന്ന കാമ്പിത്താൻ പിന്നീട് താഴേക്കിറങ്ങിവന്നത് നാലഞ്ച് കടുവാക്കുട്ടികളെയുംകൊണ്ടാണ്. ഇത്തരത്തിൽ നിരവധി അദ്ഭുതകഥകളും കുടപ്പാറയും അവിടെ എത്തിയ കാമ്പിത്താനുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. കുടപ്പാറയോട് ചേർന്നുള്ള പാറക്കൂട്ടങ്ങളിലെ ഗുഹകൾ പോലെയുള്ളയിടങ്ങളിൽ പണ്ട് കടുവകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കാമ്പിത്താനെ കലഞ്ഞൂർ കുടപ്പാറയിൽ ആരാധിക്കുന്നത് കുടപ്പാറ അപ്പൂപ്പനെന്ന പേരിലാണ്. മണ്ഡലച്ചിറപ്പ് ഉൾപ്പടെ ഇവിടെ വിശേഷ ദിവസങ്ങളുമുണ്ട്. ഒപ്പം നിത്യപൂജയും നടക്കുന്നു. കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഭാഗവതസപ്താഹ യജ്ഞത്തിന് ശ്രീകൃഷ്ണ വിഗ്രഹം എഴുന്നെള്ളിക്കുന്ന ഘോഷയാത്രയും ഇവിടെനിന്നാണ് തുടങ്ങുന്നത്. കലഞ്ഞൂർ ജംഗ്ഷനിൽ നിന്ന് അൽപ്പം അകലെയായി വെള്ളൂർപ്പടിക്കൽ നിന്നാണ് കുടപ്പാറയിലേക്കുള്ള വഴി ആരംഭിക്കുന്നത്. കല്ലട ജലസേചനപദ്ധതി കനാലിന് കുറുകെ കടന്ന് മലയിലായിട്ടാണ് കുടപ്പാറ കാഴ്ചക്കാർക്ക് അദ്‌ഭുതമായി നിലനിൽക്കുന്നത്.
കലഞ്ഞൂർ ജംഗ്ഷന് സമീപം മഹാദേവർ ക്ഷേത്രത്തിന് മുൻപിലായി കാമ്പിയിൽ കുടുംബം കാമ്പിത്താനെ ആരാധിക്കുന്ന കാവും സ്ഥിതിചെയ്യുന്നു. എല്ലാ വെളുത്തവാവ് ദിവസവും ഈ കാവിൽ പ്രത്യേകപൂജകൾ നടക്കും. കാവിലെ കർമ്മികളാകുന്നത് കാമ്പിയിൽ കുടുംബത്തിൽ നിന്നുള്ള അംഗങ്ങളാണ്.

Advertisement
Advertisement