വടകര കസ്റ്റഡി മരണം: ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപത്രം

Sunday 21 August 2022 1:06 AM IST

കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത വടകര കല്ലേരി താഴേകോലത്ത് പൊൻമേരിപ്പറമ്പിൽ സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച കേസിൽ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്. കേസിലെ പ്രതികളായ വടകര എസ്.ഐ നിജേഷും സി.പി.ഒ പ്രജീഷും വെള്ളിയാഴ്ച കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. പ്രതികൾക്ക് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സന്ധ്യയോടെയായിരുന്നു കീഴടങ്ങൽ. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിനാണ് സജീവനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തതെന്നും സജീവന് നെഞ്ചുവേദന അനുഭവപ്പെട്ടത് അറിഞ്ഞില്ലെന്നും കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്നും മൊഴിയിൽ പറയുന്നു. കേസിൽ മറ്റു നടപടികളെല്ലാം പൂർത്തിയായതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.സജീവൻ പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലുടൻ വടകര കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കേസിൽ 96 സാക്ഷികളുമുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് രണ്ടുപേർക്കുമെതിരെ കേസ്.