പൊലീസ് ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്പ്

Sunday 21 August 2022 1:09 AM IST

തിരുവനന്തപുരം: പേപ്പർ രഹിത പൊലീസ് ഓഫീസുകൾ എന്ന ലക്ഷ്യത്തിലേക്കെത്തിക്കുന്ന മികോപ്സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് സംബന്ധമായതും വ്യക്തിഗതവുമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ആപ്പാണിത്.ഇതിലൂടെ ഓഫീസ് പ്രവർത്തനങ്ങൾ നിർവഹിക്കാനും അപേക്ഷകളിൽ ജീവനക്കാരെ നിയോഗിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് അവരുടെ പരിശോധനകൾ,ഫീൽഡ് തല പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായും വേഗത്തിലും നടത്താനും കഴിയും.റിപ്പോർട്ടുകൾ യഥാസമയം സ്വന്തം മൊബൈൽ വഴി നൽകാൻ കഴിയുന്നതിലൂടെ സമയ ലാഭവും കാര്യക്ഷമതയും മെച്ചപ്പെടുത്താം.സ്​റ്റേഷൻ ഓഫീസർക്ക് ഉദ്യോഗസ്ഥരുടെ നോട്ട് ബുക്കുകൾ പരിശോധിക്കുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാം.ഉദ്യോഗസ്ഥരെ ബീ​റ്റ്,പട്രോൾ ഡ്യൂട്ടികൾക്ക് നിയോഗിക്കാനും ബീ​റ്റ് ബുക്കിൽ വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും.സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്,സി.സി.​റ്റി.എൻ.എസ് നോഡൽ ഓഫീസർ കൂടിയായ ഐ.ജി പി.പ്രകാശ് എന്നിവർ പങ്കെടുത്തു.