നഗരഭരണ കേന്ദ്രത്തിനില്ല അഗ്നിസുരക്ഷ

Sunday 21 August 2022 2:42 AM IST

കൊല്ലം: പുതിയ കെട്ടിടം നിർമ്മിക്കുമ്പോൾ അഗ്നിസുരക്ഷാ സേനയുടെ ഫിറ്റ്നസ് ഉണ്ടെങ്കിലേ ലൈസൻസ് തരികയുള്ളൂവെന്ന് വാശിപിടിക്കുന്ന കോർപ്പറേഷന്റെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.

പ്രവർത്തന സജ്ജമായ ഒരു ഫയർ എക്സ്റ്റിംഗുഷർ പോലും കോർപ്പറേഷൻ ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിസ്തൃതിയുള്ള കെട്ടിടങ്ങൾക്ക് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന അഗ്നിസുരക്ഷാ ഉപകരണങ്ങൾ വേണമെന്ന ചട്ടവും കോർപ്പറേഷൻ മറന്നു.

കെട്ടിടത്തോട് ചേർന്ന് ഹൈഡ്രൻഡുകൾ സ്ഥാപിക്കാനും അധികൃതർക്കായില്ല. ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമ്പോൾ വൈദ്യുതി വിച്ഛേദിക്കുന്ന ഇ.എൽ.സി.ബിയും (എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല. എ.സിയുടെ കാലപ്പഴക്കമാണ് ഷോർട്ട് സർക്യൂട്ടിന് കാരണമായി ചൂണ്ടിക്കാട്ടിയ മേയർ അഗ്നിസുരക്ഷാ സംവിധാനത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ്.

Advertisement
Advertisement