പുതിയ ദൗത്യവുമായി സിറ്റി പൊലീസ് കൊച്ചിയെ 'നിരീക്ഷിക്കാൻ' 2 ലക്ഷം സി.സി ടിവി കാമറകൾ

Monday 22 August 2022 12:10 AM IST

കൊച്ചി: ആയിരവും പതിനായിരവുമല്ല, രണ്ട് ലക്ഷം സി.സി ടിവി കാമറ നിരീക്ഷണത്തിലാകും മൂന്ന് മാസത്തിനുള്ളിൽ കൊച്ചി​. കൊച്ചി സിറ്റി പൊലീസാണ് പുതിയ ദൗത്യത്തിന് പിന്നിൽ. പേര് ഓപ്പറേഷൻ നിരീക്ഷണം. പൊലീസ്, കൊച്ചി മെട്രോ, സി.എസ്.എം.എൽ, വിവിധ റെസിഡന്റ്സ് അസോസിയേഷൻ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവ സ്ഥാപിച്ച കാമറകൾ പ്രവർത്തന സജ്ജമാക്കുന്നതിനൊപ്പം, എല്ലാ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും സി.സി ടിവി ഉറപ്പാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. രണ്ടാഴ്ചയ്ക്കിടെ മൂന്ന് കൊലപാതകം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കാമറകൾ ലൈവാക്കാൻ പൊലീസ് കച്ചമുറുക്കുന്നത്.

വാക്കേറ്രം മുതൽ കൊലപാതകങ്ങൾ വരെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളിലേക്ക് പൊലീസിനെത്താനുള്ള കച്ചിത്തുരുമ്പാണ് സി.സി ടിവി ദൃശ്യങ്ങൾ. കൊച്ചിയിൽ ട്രാഫിക് നിയമ ലംഘനങ്ങൾ പിടികൂടാനുള്ള കാമറകൾ മാത്രമാണ് നിലവിലുള്ളത്. നേരത്തെ സ്ഥാപിച്ച ഭൂരിഭാഗം കാമറകളും പ്രവർത്തനരഹിതമാണ്. സി.സി.ടിവി ദൃശ്യങ്ങളുടെ അപര്യാപ്തത പല കേസന്വേഷണത്തെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഓപ്പറേഷൻ നീരക്ഷണം പദ്ധതി ആരംഭിക്കുന്നത്.

 നിർദ്ദേശം നൽകി

പ്രവർത്തനസജ്ജമല്ലാത്ത നിരീക്ഷണ കാമറകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കാര്യക്ഷമമാക്കാൻ ഫ്ലാറ്റ്, അപ്പാട്ട്മെന്റ്, വ്യാപാരി വ്യവസായ സംഘങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയ്ക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫ്ളാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും നിരീക്ഷണ കാമറകളുടെ ഇൻസ്റ്റലേഷൻ, അറ്റകുറ്റപ്പണികൾ, ഫൂട്ടേജ് സൂക്ഷിക്കൽ എന്നിവ സംബന്ധിച്ച് മാർഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.

 200 മുതൽ 1000 വരെ

കൊച്ചിയിൽ കാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനുമായി കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നത്. എസ്.എച്ച് ഒമാർ റെസിഡന്റ്സ് അസോസിയേഷനുകളുമായി ഇതിനകം ആശയവിനിമയം നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ യോഗം ചേർന്ന് അന്തിമതീരുമാനം കൈക്കൊള്ളും. ഒരു പ്രദേശത്ത് ചുരുങ്ങിയത് 200 മുതൽ 1000 കാമറകളെങ്കിലും പ്രവർത്തന സജ്ജമാക്കണമെന്നാണ് കമ്മിഷണറുടെ നിർദ്ദേശം.

പദ്ധതിയോട് നിസഹകരിക്കുന്നവരുണ്ട്. സ്ഥാപിതതാത്പര്യങ്ങളായിരിക്കാം ഇതിന് കാരണം. പദ്ധതി വേഗത്തിൽ പൂർത്തിയാക്കും.

സി.എച്ച്. നാഗരാജു

കമ്മിഷണർ

സിറ്റി പൊലീസ്

Advertisement
Advertisement