പ്രായം മറന്ന് കളിക്കളത്തിലെ പെണ്ണൊരുമ

Monday 22 August 2022 12:55 AM IST

കളമശേരി: രണ്ടു വർഷത്തെ കൊവിഡുകാല ഇടവേളയ്ക്ക് ശേഷം ബാസ്കറ്റ്ബാൾ മുൻ ദേശീയ, സംസ്ഥാന വനിതാ താരങ്ങൾ പ്രായം മറന്ന് കളിക്കളത്തിലിറങ്ങി വീണ്ടുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചു. മുത്തശിമാരായ കളിക്കാരും കോർട്ടിൽ വീറോടെ പോരാടി.

പഴയകാല കളിക്കാരുടെ സംഘടനയായ ടീം റീബൗണ്ടിന്റെ അഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തൃശൂർ വിമലാ കോളേജ്, ആൾ സ്റ്റാർസ്, ഫാക്ട് ഉദ്യോഗമണ്ഡൽ, എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവർ വീണ്ടും അങ്കം കുറിച്ചത്.

വാശിയേറിയ അന്തിമ പോരാട്ടത്തിൽ ഫാക്ടിന്റെ കളിക്കാരികൾ സെറ്റ് ചെയ്തു കളിച്ചപ്പോൾ പ്രായത്തിൽ തൊട്ടു താഴെ നിൽക്കുന്ന തെരേസാസ് ടീം വേഗത കൈമുതലാക്കി വിജയം ഉറപ്പിച്ചു. (സ്കോർ 13-17). മുൻദേശീയ താരവും പരിശീലകയുമായ മായാ മാത്യൂസിന്റെ ആഗ്രഹവും നിർബ്ബന്ധവുമാണ് പെണ്ണൊരുമയുടെ ഒത്തുകൂടൽ വേണമെന്നുള്ളത്.

തെരേസാസ് ടീമിനു വേണ്ടി ഡോ.ബിനു ജോസഫ്, പി.ആർ മായ, കലാദേവി, ദീപ രാജേഷ്, നദീറ നിഹാൽ, തുഷാര സി.പുളിക്കൽ, സിനി പോൾ, തനു അൽ ദ്രിൻ, രേഖ റാണി, റാണി പട്ടം, ഡയാന, മാനേജർ താരാ ജോർജ്, എന്നിവരും ഫാക്ട് ടീമീലെ ആൻസി മാത്യു, എമിലി ഫ്രാൻസിസ്, റെനി ലാൽ, ഷീബാമ്മ, ജോഷിയാമ്മ, മേഴ്സ മ്മ സെബാസ്റ്റ്യൻ, ജയകുമാരി, ഇന്ദുലേഖ, ഗീത വി. മേനോൻ, ബീന രാജൻ എന്നിവരാണ് മത്സര കൂട്ടായ്മയിൽ അണിനിരന്നവർ. കളിക്കളം വിട്ട ശേഷം നാടിന്റെ നാനാഭാഗങ്ങളിലും വിദേശത്തുമായി സ്ഥിര താമസമാക്കിയവരാണ് എല്ലാവരും. ജോലി ചെയ്യുന്നവരും വീട്ടമ്മമാരും പെൻഷൻ പറ്റിയവരും കൂട്ടത്തിലുണ്ട്.

Advertisement
Advertisement