സർക്കാർ - ഗവർണർ പോര്; കൊമ്പ് കോർക്കൽ മറ്റ് സംസ്ഥാനങ്ങളിലും

Monday 22 August 2022 12:21 AM IST

ചെന്നൈ: കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുകയാണ്, ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനും ചാൻസലർ പദവിയിൽ നിന്ന് നീക്കം ചെയ്യാനുമുള്ള ഈ സംസ്ഥാന സർക്കാരുകളുടെ നീക്കം ഇപ്പോഴും ബില്ലുകളുടെ രൂപത്തിൽ 'രാജ്ഭവന്റെ' പരിഗണന കാത്ത് കിടക്കുകയാണ്. കാരണം ഈ ബില്ലുകൾ നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടണം!

 തമിഴ്നാട്

തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിലുള്ള പോര് തുടർക്കഥയായപ്പോൾ, ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി കഴിഞ്ഞ ഏപ്രിലിൽ നിയമസഭ പാസാക്കി. സർക്കാരിന് നേരിട്ട് വൈസ് ചാൻസലർമാരെ നിയമിക്കാൻ അധികാരം നൽകുന്ന ബില്ലാണിത്. പക്ഷേ, മാസങ്ങൾ പിന്നിട്ടിട്ടും ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. അതിനിടെ, വിവിധ സർവകലാശാലകളിൽ ഗവർണർ വി.സിമാരെ നിയമിച്ചു.

 മഹാരാഷ്ട്ര

കഴിഞ്ഞ വർഷം ഡിസംബറിൽ മഹാരാഷ്ട്ര നിയമസഭ ചാൻസലറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന മഹാരാഷ്ട്ര പബ്ലിക് യൂണിവേഴ്സിറ്റീസ് ഭേദഗതി ചട്ടം പാസാക്കിയിരുന്നു. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ നോമിനിയെ സർക്കാർ തീരുമാനിക്കുമെന്നതായിരുന്നു പ്രധാന ഭേദഗതി. മഹാരാഷ്ട്ര അസംബ്ലിയുടെ ഇരുസഭകളും പാസാക്കിയ ബിൽ ഗവർണർ ഭഗത് സിംഗ് കോഷിയാരി ഒപ്പിട്ടില്ല. ആറുമാസം രാജ്ഭവനിൽ പിടിച്ചുവച്ച ബിൽ ഇപ്പോൾ ഉപദേശം തേടി രാഷ്ട്രപതിക്ക് മുന്നിലാണുള്ളത്.

 പശ്ചിമബംഗാൾ

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണറായിരുന്ന ജഗ്‌ദീപ് ധൻകറും തമ്മിലുള്ള പോരാണ് 'പശ്ചിമ ബംഗാൾ സർവകലാശാല ചട്ട ഭേദഗതി ബിൽ" നിയമസഭ പാസാക്കാൻ കാരണം. എന്നാൽ ബില്ലിൽ ഒപ്പിടാൻ ഗവർണർ തയാറായില്ല. വിശദീകരണം തേടി സർക്കാരിന് തന്നെ തിരിച്ചയച്ചു. ജഗ്‌ദീപ് ധൻകർ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. മണിപ്പൂർ ഗവർണർ ലാ ഗണേശൻ അയ്യ‌ർക്കാണ് ബംഗാൾ ഗവർണറുടെ താത്കാലിക ചുമതല.

 രാജസ്ഥാൻ

രാജസ്ഥാനിലും ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയെങ്കിലും പ്രായോഗികമായിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ സഭ പാസാക്കിയാലും രാജ്ഭവൻ പാസാക്കാനിടയില്ല.

Advertisement
Advertisement