എത്രനാൾ കാക്കണം

Monday 22 August 2022 12:47 AM IST

സി.എൻ.ജി റീ ഫില്ലിംഗ് സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങിയില്ല

മലപ്പുറം: ജില്ലയിൽ സി.എൻ.ജി വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോഴും ആവശ്യത്തിന് സി.എൻ.ജി പമ്പുകളില്ലാത്ത പ്രതിസന്ധിയ്ക്ക് ഇതുവരെ അറുതിയായിട്ടില്ല. മഞ്ചേരി മൂച്ചിക്കലിലുള്ള സി.എൻ.ജി റീഫില്ലിംഗ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാത്തതാണ് വാഹനയുടമകളെ പ്രതിസന്ധിയിലാക്കുന്നത്. പ്രവൃത്തി പൂർത്തിയാക്കി ഒരു മാസം കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിക്കാനെടുക്കുന്ന കാലതാമസം സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികളുടെ നിത്യ ജീവിതത്തെയടക്കം ബാധിക്കുന്നുണ്ട്.

കോഡൂർ, വൈലത്തൂർ, ചെമ്മാട്, വണ്ടൂർ, രാമനാട്ടുകര ബൈപ്പാസ്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായി ആകെ ആറ് കേന്ദ്രങ്ങളാണ് ജില്ലയിലെ മുഴുവൻ സി.എൻ.ജി വാഹനങ്ങൾക്കുമായി ഉള്ളത്. എറണാകുളത്ത് നിന്നാണ് ഇവിടങ്ങളിലേയ്ക്ക് സി.എൻ.ജി എത്തിക്കുന്നത്. 400 കിലോ സി.എൻ.ജിയുടെ മൂന്ന് ലോഡുകളാണ് ഒരു ദിവസം വരാറുള്ളതെന്ന് വാഹനയുടമകൾ പറയുന്നു. എന്നാൽ മണിക്കൂറുകൾ കൊണ്ട് ഇവ തീരുന്നതാണ് പ്രതിസന്ധിക്ക് കാരണം. സി.എൻ.ജി എത്തിയാൽ പിന്നെ കേന്ദ്രങ്ങളിൽ തിരക്കോട് തിരക്കായിരിക്കും. ഏറെ ദൂരം സഞ്ചരിച്ച് കേന്ദ്രങ്ങളിൽ എത്തുമ്പോഴേക്കും തീർന്നുപോവുന്നത് വലിയ സാമ്പത്തിക നഷ്ടവും സൃഷ്ടിക്കുന്നുണ്ട്. സി.എൻ.ജി ടാക്സി ഓടിക്കുന്ന സാധാരണക്കാരാണ് കൂടുതലും ബുദ്ധിമുട്ടിലായത്. ജില്ലയുടെ വിവിധയിടങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുകയും റീഫില്ലിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്താൽ വാഹനയുടമകളുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവും.

വിലയും പ്രശ്നമാണ്

തുടക്കകാലത്ത് 56 രൂപയ്ക്ക് സി.എൻ.ജി ലഭിച്ചിരുന്നതിനാലാണ് സി.എൻ.ജിയിൽ പ്രിയമേറി വാഹനങ്ങൾ നിരത്തിലിറങ്ങി തുടങ്ങിയത്. ഇപ്പോൾ 83 രൂപ ഒരു കിലോ സി.എൻ.ജിക്ക് നൽകണം. ഇടയ്ക്ക് 90 വരെയെത്തിയെങ്കിലും പിന്നീട് 83 ആയി. ഇങ്ങനെ വിലകൂടുന്ന സ്ഥിതിയുണ്ടായാൽ വലിയ തുക മുടക്കി വാഹനം വാങ്ങിയതെല്ലാം വെറുതെയാവും. വലിയ ഓട്ടോകൾക്ക് എട്ട് കിലോയും ചെറുതിന് അഞ്ച് കിലോയുമാണ് ആകെ കപ്പാസിറ്റി. ആവശ്യത്തിന് മൈലേജുണ്ടെങ്കിലും സി.എൻ.ജിയുടെ വിലകൂടുന്നത് ഓട്ടോ തൊഴിലാളികളെ സാമ്പത്തികമായി തകർക്കും.

റീ ഫില്ലിംഗ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചാൽ

ജില്ലയിലുള്ള സി.എൻ.ജി കേന്ദ്രങ്ങളിലേക്ക് മുടക്കമില്ലാതെ സി.എൻ.ജി എത്തും.

റീഫില്ലിംഗ് സ്റ്റേഷനുമായി സി.എൻ.ജി കേന്ദ്രങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്.

തീരുന്നതിന് അനുസരിച്ച് റീ ഫിൽ ചെയ്യാം.

വാഹനങ്ങളിലെത്തുന്ന ലോഡിനായി കാത്തിരിക്കണ്ട

മഞ്ചേരിയിലെ റീ ഫില്ലിംഗിന്റെ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. ഉടനെ തുറക്കുമെന്ന് പറഞ്ഞ് നീട്ടികൊണ്ടു പോവുകയാണ്. സി.എൻ.ജിയുടെ വില അമിതമായി കൂടുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

പറമ്പൻ കുഞ്ഞു

ഓട്ടോ തൊഴിലാളി

Advertisement
Advertisement