സ്‌നേഹസ്പർശവും അവയവദാന ബോധവത്കരണ ക്യാമ്പയിനും

Monday 22 August 2022 12:49 AM IST

പത്തനംതിട്ട: കാൻസർ ബാധിതർക്കും അവയവദാനം സ്വീകരിച്ചവർക്കമുള്ള മരുന്നുകൾ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കുന്നത് സർക്കാർ സജീവമായി പരിഗണിച്ച് വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ അവയവദാതാക്കളുടെയും അവയവം സ്വീകരിച്ചവരുടെയും കൂടിച്ചേരലായ സ്‌നേഹസ്പർശവും അവയവദാന ബോധവൽക്കരണ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് അവയവം സ്വീകരിക്കുന്നതിന് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ ആയിരക്കണക്കിനാളുകളാണ് പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. ഇത് സംബനധിച്ച നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. അവയവദാനം സംബന്ധിച്ച നടപടിക്രമം ലഘൂകരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ നിർദേശം ഒരു മാസത്തിനുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് ഇതിനനുസൃതമായി നടപടി കൈക്കൊള്ളും. അവയവമാറ്റത്തിന് വേണ്ടി മാത്രം സംസ്ഥാനത്ത് ഒരു സ്ഥാപനം ആരംഭിക്കുന്നതും സർക്കാർ സജീവമായി പരിഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ലിവർ ഫൗണ്ടേഷൻ ഒഫ് കേരള ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു അദ്ധ്യക്ഷനായി. മരണാനന്തര അവയവദാനം നൽകിയവരുടെ കുടുംബാംഗങ്ങളും സ്വീകരിച്ചവരും അനുഭവങ്ങൾ പങ്കുവച്ചു. അവയവദാനം നൽകിയവരുടെ കുടുംബാംഗങ്ങളെ മന്ത്രി വീണാ ജോർജ് ആദരിച്ചു. ലിവർ ഫൗണ്ടേഷൻ കേരള സംസ്ഥാന സെക്രട്ടറി എം.കെ. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഫാ.ലിജു രാജു താമരക്കുടി, മൃതസഞ്ജീവനിയിൽ നിന്ന് പി.വി.അനീഷ്, എസ്.എൽ.വിനോദ്കുമാർ എന്നിവർ അവയവദാന ബാധവൽക്കരണ ക്ലാസെടുത്തു. ഫാ. ബർസ്‌കീപ്പാ റമ്പാൻ, മാത്യു ഫിലിപ്പ്, ബാബു കുരുവിള, ദിലീപ് ഖാദി എന്നിവരും സംസാരിച്ചു.

Advertisement
Advertisement