അസാധാരണ സാഹചര്യത്തിൽ പത്ത് ദിവസത്തെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി; ബില്ലുകൾ ഇന്ന് ചർച്ചയാകാനിടയില്ല

Monday 22 August 2022 9:20 AM IST

തിരുവനന്തപുരം: അസാധാരണ സാഹചര്യത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. പത്ത് ദിവസത്തെ പ്രത്യേക സമ്മേളനത്തിനാണ് തുടക്കമായത്. സ്പീക്കർ എം ബി രാജേഷ് ആമുഖപ്രസംഗം നടത്തുന്നു. സ്വാതന്ത്യത്തിന്റെ 75ാം വാർഷികവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇന്ന് നടക്കുന്നത്. ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ ഇന്ന് ചർച്ചയാകാനിടയില്ല. വരും ദിവസങ്ങളിൽ ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് വിവരം.

ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് പതിനൊന്ന് ഭേദഗതികൾ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക സഭാസമ്മേളനം ചേരുന്നത്. നിലവിൽ സമ്മേളനകാര്യക്രമങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കൽ, സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിയമഭേദഗതികൾ സഭയിൽ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

നിയമനിർമാണത്തിനായി ഒക്ടോബർ, നവംബർ മാസങ്ങളിൽ സഭ ചേരാനായിരുന്നു നേരത്തേയുള്ള ധാരണ. എന്നാൽ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് സമ്മേളനം നേരത്തെ ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ആദ്യ ദിനം ഉണ്ടാവുക. ഇന്ന് മറ്റു നടപടിക്രമങ്ങൾ ഉണ്ടാവില്ല.