സുവർണജൂബിലി നിറവിൽ എം.പി.ഇ.ഡി.എ

Wednesday 24 August 2022 1:55 PM IST
കൊച്ചിയിലെ എം.പി.ഇ.ഡി.എ ആസ്ഥാനം

കൊച്ചി: സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി ഏജൻസിയായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി​ (എം.പി.ഇ.ഡി.എ) അമ്പതാം വാർഷിക നിറവിൽ. സുവർണ ജൂബിലി ആഘോഷങ്ങൾ കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ ഇന്ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 5ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആഘോഷപരിപാടികൾക്ക് തുടക്കമിടും. കയറ്റുമതി പുരസ്‌കാരങ്ങളും സുവർണ ജൂബിലി മറൈൻ ക്വെസ്റ്റ് 2022 ചാമ്പ്യൻസ് ട്രോഫിയും മന്ത്രി വിതരണം ചെയ്യും.

കേന്ദ്ര വാണിജ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ദിവാകർനാഥ് മിശ്ര, എം.പി.ഇ.ഡി.എ മുൻ ചെയർമാനും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ടി.കെ.എ നായർ, കെ.എസ്‌.ഐ.ഡി,സി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ പോൾ ആന്റണി, സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ജഗദീഷ് ഫൊഫാൻഡി മുതലായവർ പങ്കെടുക്കും.

വളർച്ചയുടെ പ്രേരകശക്തി

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴിൽ 1972 ലാണ് കൊച്ചി പനമ്പിള്ളിനഗർ ആസ്ഥാനമായി അതോറിട്ടി​ രൂപീകരിച്ചത്. അന്ന് 35,523 ടണ്ണായി​രുന്നു സമുദ്രോത്പന്ന കയറ്റുമതിയെങ്കി​ൽ കഴിഞ്ഞ വർഷം ഇത് 1.4 ദശലക്ഷം ടണ്ണാണ്. ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ സമുദ്രോത്പന്നങ്ങൾ ഇന്ത്യയിൽ നിന്നാണ്.

മത്സ്യകൃഷിയും ഉത്പന്നങ്ങളുടെ കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ അതോറിട്ടി​ നടപ്പാക്കുന്നുണ്ട്. മത്സ്യബന്ധനത്തിന്റെ തത്സമയ വിവരങ്ങളും കയറ്റുമതിക്കുള്ള അംഗീകാരവും മത്സ്യബന്ധനമേഖലയ്ക്ക് നൽകുന്നു. ക്ലസ്റ്റർ ഫാമിംഗ്, അടിസ്ഥാന സൗകര്യവികസനത്തിനുള്ള ധനസഹായം എന്നിവ നൽകുന്ന നാഷണൽ സെന്റർ ഫോർ സസ്റ്റെയ്‌നബിൾ അക്വാകൾച്ചറും(നാക്‌സ) അതോറിട്ടി​യുടെ സ്ഥാപനമാണ്.

മത്സ്യകൃഷിക്കാരെയും കയറ്റുമതിക്കാരെയും ബന്ധിപ്പിക്കുന്ന ഇ കൊമേഴ്‌സ് വേദിയായ ഇ സാന്റയും പുറത്തിറക്കിയിട്ടുണ്ട്. രാസപദാർത്ഥങ്ങളില്ലാത്ത ചെമ്മീനായുള്ള ഷഫാരി സാക്ഷ്യപത്രം, കർഷകർക്കായുള്ള 20 അക്വാ വൺ കേന്ദ്രങ്ങൾ, ഇസാന്റ, ഞണ്ട് ഹാച്ചറി സാങ്കേതികവിദ്യയ്ക്കുള്ള പേറ്റന്റ് എന്നിവയും നേട്ടങ്ങളാണ്.

എഴുപതുകളിലും എൺപതുകളിലും അമേരിക്ക, ജപ്പാൻ എന്നിവയായിരുന്നു ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണി. ന്യൂയോർക്കിലും ടോക്കി​യോയിലും ട്രേഡ് പ്രൊമോഷൻ ഓഫീസുകൾ ആരംഭിച്ചു. ഇക്കാലത്താണ് വാണിജ്യാടിസ്ഥാനത്തിൽ ചെമ്മീൻ ഹാച്ചറികൾ തുടങ്ങിയത്.

........................................

''രണ്ടായിരമാണ്ടിന്റെ ആദ്യകാലങ്ങളിൽ എം.പി.ഇ.ഡി.എ നടത്തിയ ഇടപെടലുകൾ, പഠനങ്ങൾ, വിദേശ വിപണി കണ്ടെത്തൽ, പരിപാലന പദ്ധതികൾ എന്നിവയുടെ ഫലമാണ് നിലവിൽ കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ.""

ദൊഢ വെങ്കട സാമി, ചെയർമാൻ

എം.പി.ഇ.ഡി.എ

Advertisement
Advertisement