നാടിന്റെ നന്മ മരങ്ങൾ

Wednesday 24 August 2022 12:49 AM IST
ഇലവുംതിട്ടയിലെ ആൽമരത്തിന് ചുവട്ടിൽ വിശ്രമിക്കുന്നവർ

കവലകളിൽ കുടപോലെ തണലാകുന്ന മരങ്ങൾ ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. നൂറ്റാണ്ട് പിന്നിട്ടതും എെതീഹ്യം കലർന്നതുമായവ. വെടിവട്ടങ്ങൾക്ക് സാക്ഷികളായി, ഒരുപാട് മനുഷ്യരുടെ ജീവിതം അറിയാവുന്ന മരങ്ങളുമുണ്ട്. പകൽ തണലായും രാത്രിയിൽ പറവകൾക്ക് കൂടായും അവ നമുക്കൊപ്പം ജീവിക്കുന്നു. അത്തരം മരങ്ങൾക്കുമുണ്ട് ചിലതൊക്കെ പറയാൻ....

ചങ്ങാത്തം പറഞ്ഞ് പേരാലും അരയാലും

ഇലവുംതിട്ട

ഇലവുംതിട്ട ജംഗ്ഷൻ മരച്ചുവട്ടിലാണ്. കഥ പറയാനും പൊതുയോഗം നടത്താനും ലോട്ടറി വിൽക്കാനും കപ്പലണ്ടി കച്ചവടത്തിനും വാഹനങ്ങൾ പാർക്ക് ചെയ്യാനും ബസ് കാത്തിരിക്കാനുമൊക്കെ പേരാലും അരയാലും തണലായുണ്ട്. പേരാലിന്റെ ശിഖിരം അരയാലിലേക്ക് വളർന്നു

കയറിയതു കണ്ടാൽ ഒരാൾ മറ്റൊരാളിന്റെ തോളിൽ കൈയിട്ടിരിക്കുന്നതുപോലെ തോന്നും.

ശ്രീമൂലരാജഗോപാല വിലാസം പബ്ളിക് മാർക്കറ്റ് സ്ഥാപിതമായിട്ട് 122 വർഷം. അതിനുമുൻപേ ആൽമരങ്ങൾ ഉണ്ടായിരുന്നു. ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ വെട്ടുകല്ലുകൊണ്ട് തറകെട്ടി ഇലവുംതിട്ട മലദേവനെ സങ്കൽപ്പിച്ച് പൂജാദികർമ്മങ്ങൾ നടന്നിരുന്നു. വള്ളിക്കെട്ടുകൾക്ക് തെക്കായി ചെറിയ ആലും ഒരു വെട്ടി മരവുമുണ്ടായിരുന്നു. വെട്ടിയിൽ കച്ചവടത്തിനുള്ള പഴക്കുലകൾ തൂക്കി ഇടുമായിരുന്നു. പിന്നീട് ആലിന്റെ ഉയർന്ന വേരുകളിൽ ഇരുപ്പുകാരായി, ആൽത്തറയായി, ഉൗഞ്ഞാലുകെട്ടി വിനോദമായി. അവിടെ യോഗങ്ങൾ ആരംഭിച്ചു. ഇപ്പോഴും ഇലവുംതിട്ടയിലെ പൊതുയോഗങ്ങൾ ഇൗ മരച്ചുവട്ടിലാണ്. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ ഇവിടെ പ്രസംഗിച്ചു. അശ്വതി ഉൽസവത്തിന് ഇലവുംതിട്ട ദേവീഷേത്രത്തിൽ നിന്ന് ജീവിത എഴുന്നെള്ളി ആൽത്തറയുടെ കിഴക്കിരുന്ന് അനുഗ്രഹിക്കുന്നു. ശ്രീനാരായണ ഗുരുദേവൻ മൂലൂരെത്തിയപ്പോൾ ആലിന്റെ പടിഞ്ഞാറ് നിന്ന് അനുഗ്രഹിച്ചു. അയ്യൻകാളിയും മൂലൂരും ആൽച്ചുവട്ടിൽ മൂന്ന് തവണ യോഗം ചേർന്നു. തെക്ക് വശത്തെ ആൽത്തറയോട് ചേർന്ന് ഇലവുംതിട്ട ക്ഷേത്ര വഞ്ചിയുണ്ട്. ആലിന്റെ പ്രായത്തെപ്പറ്റി പഠനങ്ങൾ പലതു നടന്നെങ്കിലും കൃത്യതയില്ല. ആദ്യം ആൽത്തറ കെട്ടിയത് ആദ്യ പഞ്ചായത്ത് കമ്മിറ്റിയാണ്.

Advertisement
Advertisement