എസ്.വി. വേണുഗോപൻ നായർ വിടവാങ്ങി

Tuesday 23 August 2022 11:35 PM IST

തിരുവനന്തപുരം: സാധാരണക്കാരന്റെ വ്യവഹാരഭാഷയിലൂടെ മലയാളത്തിന് ഈടുറ്റ കഥകൾ സമ്മാനിച്ച പ്രശസ്‌ത സാഹിത്യകാരനും അദ്ധ്യാപകനുമായ ഡോ. എസ്.വി. വേണുഗോപൻ നായർ (77) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിരുന്നു. ഇന്നലെ പുലർച്ചെ 1.30ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പി. സദാശിവൻ തമ്പി, ജെ.വി. വിശാലാക്ഷി അമ്മ എന്നിവരുടെ മകനായി 1945 ഏപ്രിൽ 18ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോടു ദേശത്ത് ജനിച്ചു. വിവിധ കോളേജുകളിൽ മലയാളം അദ്ധ്യാപകനും വകുപ്പ് മേധാവിയുമായിരുന്നു. ഗർഭശ്രീമാൻ, ആദിശേഷൻ, മൃതിതാളം, രേഖയില്ലാത്ത ഒരാൾ, തിക്തം തീക്ഷ്ണം തിമിരം, ഭൂമിപുത്രന്റെ വഴി, കഥകളതിസാദരം, എന്റെ പരദൈവങ്ങൾ, വീടിന്റെ നാനാർത്ഥം, ഹാസ്യം നോവൽശില്പത്തിൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ഭാര്യ: കെ. വത്സല. മക്കൾ: ശ്രീവത്സൻ (സോഫ്റ്റ്‌വെയർ എൻജിനിയർ അമേരിക്ക), ഹരിഗോപൻ (സോഫ്റ്റ്‌വെയർ എൻജിനിയർ ബെംഗളുരു), നിശാഗോപൻ (അദ്ധ്യാപിക,നേമം വി.എച്ച്.എസ്.എസ്). മരുമക്കൾ; ശ്യാമ(അമേരിക്ക),സൽജ, ഡോ.സന്തോഷ് പി. തമ്പി(എം.ജി. യൂണിവേഴ്സിറ്റി മാനേജ്മെന്റ് സ്റ്റഡീസ് എച്ച്.ഒ.ഡി). മുൻ നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ സഹോദരനാണ്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30ന് ശാന്തി കവാടത്തിൽ. അന്നു രാവിലെ ആറു മുതൽ ഉച്ചയ്‌ക്ക് 12 വരെ സ്വവസതിയായ ധനുവച്ചപുരം ശ്രീ യിൽ പൊതുദർശനം. 12.30 മുതൽ ഒരു മണിവരെ ആറാലുംമൂട് നിംസ് ഹോസ്പിറ്റൽ അങ്കണത്തിലും 1.45 മുതൽ 3.15 വരെ അയ്യങ്കാളി ഹാളിലും പൊതുദർശനമൊരുക്കും.

Advertisement
Advertisement