തൊഴിലാളികളുടെ അവകാശസംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ല: വി.ശിവൻകുട്ടി

Wednesday 24 August 2022 12:00 AM IST

തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശസംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. കേരള ആഭരണ തൊഴിലാളിക്ഷേമനിധി ഭേദഗതി ബിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ബോർഡിലുള്ള 21649 ആഭരണതൊഴിലാളികളുടെയും അംശദായം 20ൽ നിന്ന് 50 രൂപയാക്കി വർദ്ധിപ്പിച്ച് 2020ൽ ഒാർഡിനൻസിറക്കിയെങ്കിലും നിയമമാക്കാനായില്ല. പലവട്ടം പുതുക്കിയ ഓർഡിനൻസ് കാലാവധി ആഗസ്റ്റിൽ അവസാനിച്ചു. വീണ്ടും ഒാർഡിനൻസിറക്കാൻ ഗവർണർ വിസമ്മതിച്ചതിനാലാണ് നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്.

അംശദായം കൂട്ടുന്നതോടെ ബോർഡിന്റെ വാർഷിക വരുമാനം 51.95 ലക്ഷത്തിൽ നിന്ന് 1.30 കോടിയായി ഉയരുകയും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർദ്ധിക്കുയും ചെയ്യും. അതേസമയം, ആഭരണനിർമ്മാതാക്കളിൽ നിന്നുള്ള സെസ് വരുമാനത്തിൽ കാര്യമായ വർദ്ധനയില്ല. 2010ൽ രൂപീകരിച്ച ക്ഷേമനിധിയിൽ നിന്ന് കേവലം 9.39 ലക്ഷമാണ് കിട്ടിയത്. കഴിഞ്ഞ വർഷം 34.76 ലക്ഷത്തിന്റെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ബിൽ പിന്നീട് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement