ജീവനെടുത്തത് ബൈപ്പാസ്

Wednesday 24 August 2022 1:15 AM IST

 ഇന്നലെ മരിച്ചത് ഒരു കുടുംബത്തിലെ രണ്ടുപേർ

 മൂന്നര വർഷം 125 മരണം

കൊല്ലം: ഗതാഗതത്തിന് തുറന്നുകൊടുത്ത് മൂന്നര വർഷം പിന്നിടുമ്പോൾ ബൈപ്പാസിൽ ജീവൻ നഷ്ടമായത് 125 ഓളം പേർക്ക്. ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെയും തൊഴിലെടുക്കാൻ പറ്റാതായവരുടെയും കണക്കുകൾ ഇരട്ടിയിലധികം വരും.

ബൈപ്പാസ് തുറന്നുകൊടുത്ത ആദ്യദിനം തന്നെ കല്ലുന്താഴത്ത് ലോറിയിടിച്ച് ഒരാൾ മരിച്ചിരുന്നു. 2019 ജനുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ബൈപ്പാസ് ഉദ്‌ഘാടനം ചെയ്തത്. അമിതവേഗവും മത്സരയോട്ടവുമൊക്കെ അപകടത്തിന് കാരണമായിട്ടുണ്ടെങ്കിലും ജീവൻ നഷ്ടമായവരിലധികവും ഡ്രൈവർമാരെക്കാളുപരി മറ്റുള്ള യാത്രക്കാരായിരുന്നു.

ഓച്ചിറ മുതൽ പാരിപ്പള്ളി വരെയുള്ള സിറ്റി പൊലീസ് പരിധിയിൽ ഇക്കാലയളവിൽ 659 അപകട മരണങ്ങളാണ് നടന്നത്. ആൽത്തറമൂട് മുതൽ മേവറം വരെ കേവലം 13.5 കിലോമീറ്റർ മാത്രം ദൂരമുള്ള ബൈപ്പാസിലെ അപകട മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകളിലെ ഭീകരത വ്യക്തമാകും.

അപകടത്തിന് ആക്കം കൂട്ടി ഇടറോഡുകൾ

 ബൈപ്പാസിൽ 56 ഇടറോഡുകളും 5 പ്രധാന ജംഗ്ഷനുകളും

 ജഗ്ഷനുകളിൽ സിഗ്‌നൽ സംവിധാനം, ഇടറോഡുകളിൽ ഹമ്പ്

 അപകടങ്ങൾ തടയാൻ ഇവ പര്യാപ്തമല്ല

 അമിതവേഗത്തിൽ ബൈപ്പാസിൽ കയറുന്നതും അപകടത്തിന് കാരണം

 ഇത്തരത്തിൽ കഴിഞ്ഞവർഷം ബൈക്ക് യാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു

 സിഗ്നൽ ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്നവരും കുറവല്ല

 കഴിഞ്ഞദിവസം കടവൂർ ജംഗ്‌ഷനിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു

കാമറ കണ്ണ് തുറപ്പിക്കാതെ കെൽട്രോൺ

ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളിൽ സിഗ്‌നൽ സംവിധാനം നിലവിലുണ്ട്. ഇതിന് പുറമേ ഏഴ് പ്രധാന റോഡുകൾ ബൈപ്പാസിലേക്ക് ചേരുന്ന സ്ഥലങ്ങളിൽ കൂടി സിഗ്‌നലും അത്യാധുനിക സെൻസർ കാമറകളും സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. എട്ടിടങ്ങളിലായി പതിനഞ്ച് കാമറകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. 2020 ജൂണിൽ മൂന്നരമാസത്തിനുള്ളിൽ കാമറ സ്ഥാപിക്കണമെന്ന് കെൽട്രോണിനോട് കളക്ടർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. കാമറ സ്ഥാപിക്കാനുള്ള സ്ഥലം അടയാളപ്പെടുത്തിയതൊഴിച്ചാൽ മറ്റൊരു നടപടിയും മുന്നോട്ട് പോയില്ല. എന്നാൽ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പിന്നീട് ആൽത്തറമൂട് ജംഗ്‌ഷനിൽ 5 ഓട്ടോമാറ്റിക്ക് കാമറകൾ സ്ഥാപിച്ചു.

വേഗപരിധി 60 കിലോ മീറ്റർ

ബൈപ്പാസിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി 60 കിലോമീ​റ്ററായി നിശ്ചയിച്ച് 2020 ജൂലായിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ ബൈക്കുകളിലും മുന്തിയ കാറുകളിലും സഞ്ചരിക്കുന്നവർ വേഗപരിധി ബാധകമല്ലെന്ന തരത്തിലാണ് ചീറിപ്പായുന്നത്. കേരള പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനം പരിശോധന നടത്തുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിലൊതുങ്ങുകയാണ് ശിക്ഷ.

Advertisement
Advertisement