കെ.എസ്.ആർ.ടി.സി ശമ്പളത്തിൽ ഹൈക്കോടതി, സെപ്‌തംബർ ഒന്നിന് മുമ്പ് സർക്കാർ 103 കോടി നൽകണം

Thursday 25 August 2022 12:37 AM IST

കൊച്ചി: ബോണസും ജൂലായ്, ആഗസ്റ്റ് മാസത്തെ ശമ്പളവും നൽകാൻ കെ.എസ്.ആർ.ടി.സിയ്‌ക്ക് സെപ്തംബർ ഒന്നിന് മുമ്പ് സർക്കാർ 103 കോടി രൂപ നൽകണമെന്ന് ഹൈക്കോടതി. ഓണത്തിന് ജീവനക്കാർ പട്ടിണിയിലാകരുതെന്നും തുക പിന്നീട് കെ.എസ്.ആർ.ടി.സിയുടെ ആസ്തി വകകളിൽ നിന്ന് സർക്കാരിന് തിരിച്ചു പിടിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ശമ്പളം വൈകുന്നതിനെതിരായ കെ.എസ്.ആർ.ടി.സിയിലെ ഒരു കൂട്ടം ജീവനക്കാരുടെ ഹർജികളിലാണ് ഹൈക്കോടതി നിർദ്ദേശം. ഹർജികൾ സെപ്തംബർ ഒന്നിനു വീണ്ടും പരിഗണിക്കും. ജൂലായ്, ആഗസ്റ്റ് മാസത്തെ ശമ്പള വിതരണത്തിന് 103 കോടിയാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടതെന്നും ബോണസിന് മാത്രം മൂന്നു കോടി വേണമെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. ധനകാര്യ വകുപ്പിന്റെ എതിർപ്പിലാണ് പണം നൽകാനാവാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇവയെല്ലാം സർക്കാർ വകുപ്പുകളല്ലേയെന്ന് കോടതി ചോദിച്ചു.

 ആസ്തിയിൽ എന്തു കാര്യം?

കെ.എസ്.ആർ.ടി.സിയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടിയില്ലാത്തതാണ് പ്രശ്നമെന്ന് കോടതി പറഞ്ഞു. കണ്ണായ സ്ഥലങ്ങളിലെല്ലാം കെ.എസ്.ആർ.ടി.സിക്ക് ഭൂമിയുണ്ട്. എന്നിട്ടെന്തു കാര്യം? എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ സ്ഥിതി കണ്ടില്ലേയെന്നും സിംഗിൾബെഞ്ച് ചോദിച്ചു. കെ.എസ്.ആർ.ടി.സിയെ സ്വയംപര്യാപ്തമാക്കാനായി 250 കോടിയുടെ സഹായം കൂടി തേടിയിട്ടുണ്ടെന്നും ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ച് ആസ്തി ബാദ്ധ്യതകൾ വിലയിരുത്താനുള്ള ഓഡിറ്റിംഗ് തുടങ്ങിയെന്നും സർക്കാർ വിശദീകരിച്ചു.

 സിംഗിൾഡ്യൂട്ടി അംഗീകരിക്കാതെ സഹായമില്ല

തൊഴിലാളി യൂണിയനുകൾ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കാതെ സർക്കാർ സഹായിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം നൽകി. സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാനാവില്ല. ദിവസവേതനക്കാരുടെ ശമ്പളം നൽകിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സിംഗിൾ ഡ്യൂട്ടിയിൽ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ മൂന്നു തവണ യൂണിയനുകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ലെന്ന് സർക്കാർ വിശദീകരിച്ചു. വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാൽ എന്തിനാണ് ചർച്ചയെന്നും സിംഗിൽ ബെഞ്ച് ചോദിച്ചു.

Advertisement
Advertisement