103 കോടിയുടെ പ്രതീക്ഷയിൽ കെ.എസ്.ആർ.ടി.സി

Thursday 25 August 2022 12:58 AM IST

തിരുവനന്തപുരം: ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ 103 കോടി രൂപ ശമ്പളത്തിനും ബോണസിനും നൽകുമെന്ന പ്രതീക്ഷയിൽ കെ.എസ്.ആർ.ടി.സി. എന്നാൽ ഇക്കാര്യത്തിൽ ധനകാര്യവകുപ്പാണ് അന്തിമതീരുമാനമെടുക്കേണ്ടത്. പ്രതിമാസം 65 കോടി രൂപ കെ.എസ്.ആർ.ടി.സി അഭ്യർത്ഥിക്കുമ്പോൾ നൽകുന്നത് 30 കോടി മാത്രം. ഇത് വായ്പാ തിരിച്ചടവിന് മാത്രമേ തികയൂ. ജൂലായിലെ സഹായം അനുവദിച്ചിട്ടുമില്ല.

ജൂലായ്,​ ആഗസ്റ്റ് മാസത്തെ ശമ്പള വിതരണത്തിനായി 103 കോടി രൂപ വേണമെന്ന് കെ.എസ്.ആർ.ടി.സി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ അനുകൂല തീരുമാനമെടുത്തിരുന്നെങ്കിൽ ഹൈക്കോടതയിയുടെ ഇന്നലത്തെ ഇടപെടലും ഒഴിവാക്കാമായിരുന്നു. രണ്ടു മാസത്തെ ശമ്പളത്തിനു മാത്രം 164 കോടി രൂപ വേണം.

ധനസഹായ അഭ്യർത്ഥന സംബന്ധിച്ച് ധനവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നിതാകുമാരി,​ അഡിഷണൽ സെക്രട്ടറി ലക്ഷ്മി,​ ജോയിന്റ് സെക്രട്ടറി അജിത്‌കുമാർ എന്നിവർ കെ.എസ്.ആർ.ടി.സി എക്സിക്യുട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരി, ചീഫ് അക്കൗണ്ട്സ് ഓഫീസർ എ. ഷാജി എന്നിവരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. കോടതി നിർദ്ദേശം സർക്കാർ പാലിച്ചാൽ രണ്ടു മാസത്തെ ശമ്പളവും ബോണസുമടക്കമുള്ള പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമുണ്ടാകും. അതേസമയം ഡീസൽ ക്ഷാമം മൂലമുള്ള സർവീസ് വെട്ടിക്കുറയ്‌ക്കലിനും ഇതുവരെ പരിഹാരമായിട്ടില്ല.

Advertisement
Advertisement