എം.ഡി.എം.എ നിർമ്മിച്ച് കേരളത്തിലേക്ക് അയയ്ക്കുന്ന നൈജീരിയക്കാരൻ അറസ്റ്റിൽ

Thursday 25 August 2022 12:31 AM IST

 ആറു മാസത്തിനിടെ എത്തിച്ചത് 4.5 കിലോ എം.ഡി.എം.എ

കൊച്ചി: മലയാളി ഇടനിലക്കാരന്റെ സഹായത്തോടെ കേരളത്തിലേക്ക് കിലോക്കണക്കിന് എം.ഡി.എം.എ നിർമ്മിച്ച് കടത്തിയ നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ (39) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ബംഗളൂരു ആർ.കെ പുരത്തെ ആഫ്രിക്കൻ കോളനിയിൽ നിന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സഹായി ഓടിരക്ഷപ്പെട്ടു. മലയാളി ഇടനിലക്കാരനായി അന്വേഷണം ഊർജ്ജിതമാക്കി.

ജൂലായ് 20ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡിൽ സിപ്പ് അപ്പ് കവറിൽ നിറച്ച 100 ഗ്രാം എം.ഡി.എം.എയുമായി ഇടപ്പള്ളി കുന്നുംപുറം സി.എം മടവൂർ വീട്ടിൽ ഹാറൂൺ സുൽത്താൻ (22) പിടിയിലായ കേസിന്റെ അന്വേഷണമാണ് ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയിൽ എത്തിയത്. ഹാറൂണിന് പിന്നാലെ അലിൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ബംഗളൂരുവിൽ താമസിച്ച് വൻ തോതിൽ എം.ഡി.എം.എ കയറ്റി അയക്കുന്നത് ഫോർട്ടുകൊച്ചി സ്വദേശി വർഗീസ് ജോസഫാണെന്ന് മനസിലായി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് എസേയെക്കുറിച്ച് വിവരം ലഭിച്ചത്.

ലഹരിമരുന്ന് വാങ്ങിയവർ അറസ്റ്റിലായതറിഞ്ഞ് എസേ മൊബൈൽ ഓഫ് ചെയ്ത് താമസസ്ഥലം മാറ്റിയെങ്കിലും ഇയാൾ ബംഗളൂരു കെ.ആർ.പുരത്തുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു.

നാല് വർഷം മുമ്പ് ഇന്ത്യയിലെത്തിയ എസേയാണ് ആഫ്രിക്കൻ ലഹരി സംഘത്തിന് വേണ്ടി എം.ഡി.എം.എ 'കുക്ക്' ചെയ്യുന്നത്. ആറ് മാസത്തിനിടെ 4.5 കിലോ എം.ഡി.എം.എയാണ് എസേയിൽ നിന്ന് മലയാളികൾ കേരളത്തിൽ എത്തിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement