കുഞ്ഞുരാഹുലിനെ ആദ്യം വാരിയെടുത്ത കൈകൾ രാഹുൽഗാന്ധി വാരിപുണർന്നു
ജനിച്ചയുടൻ രാഹുൽ ഗാന്ധിയെ ആദ്യം എടുത്തുയർത്തിയ നേഴ്സ് രാജമ്മയുടെ വയനാട്ടിലെ വീട്ടിലെത്തി നിയുക്ത എം.പി. വൻ ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിച്ചവർക്ക് നന്ദിപറയാനായി വയനാട്ടിലെത്തിയപ്പോഴാണ് രാഹുൽ രാജമ്മയെ കാണാനെത്തിയത്. ഡൽഹി ഹോളിക്രോസ് ആശുപത്രിയിൽ നേഴ്സ് ആയിരുന്ന രാജമ്മ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രാഹുലിന്റെ പൗരത്വം സംബന്ധിച്ച് എതിർപാർട്ടിക്കാർ ആരോപണം ഉന്നയിച്ചപ്പോഴാണ് രാഹുലിന്റെ പ്രസവമെടുത്തത് താനാണെന്ന് അഭിപ്രായപ്പെട്ട രാജമ്മയുടെ വാക്കുകൾ ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരുടേയും കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫേസ്ബുക്കിലൂടെ പങ്ക് വച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പിറന്നുവീണ കുഞ്ഞുരാഹുലിനെ ആദ്യം വാരിയെടുത്ത കൈകൾ ഇന്ന് രാഹുൽഗാന്ധിയെ വാരിപുണർന്നു. 1970 ജൂൺ മാസത്തിൽ രാഹുൽഗാന്ധി ജനിച്ച ഡൽഹി ഹോളിക്രോസ് ആശുപത്രിയിൽ നേഴ്സ് ആയിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായി ജനിച്ച രാഹുൽ ആശുപത്രിയിലെ ഓമനയായിരുന്നു.
നേഴ്സ് ജോലിയിൽ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കമ്പോഴാണ് രാഹുൽഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥി ആയി എത്തുന്നത്. ഇന്നിപ്പോൾ വിജയിച്ചു നന്ദി പറയാനായി കോൺഗ്രസ് അധ്യക്ഷൻ എത്തിയപ്പോൾ വോട്ടർ കൂടിയായ രാജമ്മയെ കാണാൻ മറന്നില്ല. സ്‌നേഹനിർഭരമായിരുന്നു ഈ കൂടിക്കാഴ്ച. ഉറ്റവരെ എന്നും ചേർത്തുനിർത്തുന്ന രാഹുൽഗാന്ധിയുടെ ഏറെ പ്രിയപ്പെട്ട ഒരാളാണ് ഈ വയനാടുകാരി. അമ്മ സോണിയാഗാന്ധിക്കും അച്ഛൻ രാജീവ്ഗാന്ധിക്കും മുന്നേ രാഹുൽഗാന്ധിയെ തലോടിയ കൈകൾ തന്റേതാണെന്നു രാജമ്മ സ്‌നേഹപൂർവ്വം പറയുന്നു.