ഇടത് സംരക്ഷണയുള്ള സാഹിത്യകാരനായതിനാൽ ഇതൊന്നും സ്ത്രീവിരുദ്ധതയല്ല, എം.മുകുന്ദനെ വിമർശിച്ച് വി.ടി.ബൽറാം എം.എൽ.എ

Sunday 09 June 2019 2:32 PM IST

എഴുത്തുകാരി സുന്ദരിയാണെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് വി.ടി.ബൽറാം എം.എൽ.എ. കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിലിരുന്ന സമയത്ത് കേരള സാഹിത്യ അക്കാഡമിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചയാളാണ് എം.മുകുന്ദനെന്നും, ഇടതുപക്ഷത്തിന്റെ ഭാഗത്തുനിൽക്കുകയും, സംരക്ഷണം ലഭിക്കുകയും ചെയ്യുന്നതിനാൽ ഇതൊന്നും സ്ത്രീവിരുദ്ധതയുടെ ഗണത്തിൽ ഉൾപ്പെടില്ലേ എന്നും എം.എൽ.എ ചോദിക്കുന്നു. പാലക്കാടിൽ മുണ്ടൂർ കൃഷ്ണൻകുട്ടി സ്മൃതി ഉദ്ഘാടനം ചെയ്യവേയാണ് എം.മുകുന്ദൻ വിവാദ പരാമർശം നടത്തിയത്. അടുത്തകാലത്തായി കേരളത്തിൽ ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും ശ്രദ്ധിക്കപ്പെട്ടത് സാഹിത്യേതര കാരണങ്ങളാലാണെന്നും, എഴുത്തുകാരി സുന്ദരിയായാൽ ആ പുസ്തകം ശ്രദ്ധിക്കുമെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. എം.മുകുന്ദന്റെ പ്രസ്താവനയോട് പരസ്യമായ വിയോജിപ്പ് നിരവധി പേർ സോഷ്യൽ മീഡിയയിലടക്കം രേഖപ്പെടുത്തുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

''എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ജനശ്രദ്ധ നേടും. അടുത്ത കാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളാലാണു ശ്രദ്ധേയമായത്. ഒ.വി.വിജയന്‍ സ്ത്രീ കൂടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു."

- എം. മുകുന്ദൻ
കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് നാല് വർഷം സാഹിത്യ അക്കാദമി പ്രസിഡണ്ട് സ്ഥാനം വഹിച്ച പ്രമുഖ എഴുത്തുകാരന്റെ വാക്കുകളാണിത്. ഇടതുപക്ഷ പ്രിവിലിജും പേട്രണേജും ഉള്ളയാളായതുകൊണ്ട് ഇത് സ്ത്രീവിരുദ്ധതയുടെ ഗണത്തിൽ ഉൾപ്പെടില്ല എന്ന് പറയാൻ പറഞ്ഞു.