സമ്പുഷ്ടീകരിച്ച അരി വിതരണം പഠനത്തിനു ശേഷം

Thursday 25 August 2022 2:04 AM IST

കേരളകൗമുദി 2021 ഫെബ്രുവരി 8ന് പ്രസിദ്ധീകരിച്ച വാർത്ത

തിരുവനന്തപുരം: സമ്പുഷ്ടീകരിച്ച (ഫോർട്ടിഫൈഡ്) അരി ഉടൻ വിതരണം ചെയ്യില്ല.സമ്പുഷ്ടീകരിച്ച ഭക്ഷ്യ ധാന്യത്തിന്റെ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യം പൊതുവിലോ ഏതെങ്കിലും രോഗാവസ്ഥയുള്ളവർക്ക് പ്രത്യേകമായോ ഉണ്ടോ എന്നത് പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്താൻ ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടാൻ മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

വയനാട് ജില്ലയിലെ സിക്കിൾസെൽ അനീമിയ, തലാസിയ രോഗ ബാധിതരുള്ള കുടുംബങ്ങളുടെ വിവരം ശേഖരിച്ച് അവർക്ക് സമ്പുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

പൊതുവിതരണ സംവിധാനം വഴി സമ്പുഷ്ടീകരിച്ച (ഫോർട്ടിഫൈഡ്) അരി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് വയനാട് ജില്ലയിലെ നിയമസഭാംഗങ്ങളുടെ യോഗം മന്ത്രി വിളിച്ചുചേർത്തത്. ഫോർട്ടിഫിക്കേഷനിൽ പാളിച്ചയുണ്ടായതായും ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി 2021 ഫെബ്രുവരി 8ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്ന പദ്ധതി മരവിപ്പിച്ചിരിക്കുകയായിരുന്നു.

Advertisement
Advertisement