പൂക്കളമൊരുക്കാം, ഇടത്തിട്ടയിലുണ്ട് ബന്ദിപ്പൂക്കൾ

Thursday 25 August 2022 11:12 PM IST

ഇടത്തിട്ട : ഒാണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന അത്തപ്പൂക്കളത്തിൽ ഇത്തവണ ഇടത്തിട്ട വെട്ടിക്കുളത്ത് ഏലായിലെ ബന്ദിപ്പൂക്കളും ഉണ്ടാകും. കുടുംബശ്രീ ജില്ലാ മിഷന്റെയും കൊടുമൺ കൃഷിഭവന്റെയും കൊടുമൺ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്

അൻപത് സെന്റ് തരിശുപാടത്തിൽ ബന്ദിപ്പൂകൃഷി നടത്തിയത്. ഇന്നലെയായിരുന്നു വിളവെടുപ്പ്. ചുവപ്പും മഞ്ഞയും നിറത്തിലുള്ളപൂക്കളാണ് പ്രധാനമായുമുള്ളത്. ബന്ദിപൂത്തു നിൽക്കുന്ന പാടം കണ്ടാൽ തമിഴ്നാട്ടിലെ തോവാളയെപ്പോലെ തോന്നും. സൗഹൃദ കുടുംബശ്രീ ജെ. എൽ. ജി ഗ്രൂപ്പ് അംഗങ്ങളായ ഐക്കാട് വടക്ക് ജിതിൻ ഭവനത്തിൽ രമ, വസന്തമംഗലത്തിൽ മല്ലിക, കേരളകൗമുദി കൊടുമൺ ഏജന്റുകൂടിയായ കൈരളിയിൽ ഗിരിജ , അമ്പാടിയിൽ ഹരിപ്രിയ, അയത്തിൽ പുത്തൻവീട്ടിൽ രതി എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്. രണ്ടുവർഷമായി പരീക്ഷണ അടിസ്ഥാനത്തിൽ മറ്റു വിളകളോടൊപ്പം ജൈവ കീട നിയന്ത്രണത്തിന്റെ ഭാഗമായി ചെറിയതോതിൽ ബന്ദി കൃഷി ചെയ്തിരുന്നു. കേരളത്തിൽ ഏറ്റവും അധികം പൂക്കൾ ആവശ്യമായി വരുന്നത് ഒാണക്കാലത്താണ്. ഈ സാഹചര്യം മനസിലാക്കിയാണ് തരിശു കിടന്ന പാടം കൃഷിയോഗ്യമാക്കി ബന്ദിപ്പൂ കൃഷി ചെയ്യുവാൻ തീരുമാനിച്ചത്. കാട്ടുപന്നി ശല്യത്തെ അതിജീവിച്ചായിരുന്നു കൃഷി. പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷനും കൊടുമൺ ഗ്രാമപഞ്ചായത്തും പ്രോത്സാഹനം നൽകി. കൊടുമൺ കൃഷി ഓഫീസർ ആദിലയുടെ നേതൃത്വത്തിലുള്ള കൃഷി ഉദ്യോഗസ്ഥരാണ് സാങ്കേതിക അറിവുകൾ നൽകിയത്.

വിളവെടുപ്പ് ഉദ്ഘാടനം വെട്ടിക്കുളം ഏലായിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ധന്യ ദേവി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: സി പ്രകാശ്, കൊടുമൺ കൃഷി ഓഫീസർ ആദില , കൃഷി അസിസ്റ്റന്റ് ജ്യോതിഷ്, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥ ഗായത്രി, പതിനാറാം വാർഡ് മെമ്പർ പുഷ്പലത, സി.ഡി.എസ് ചെയർപേഴ്സൺ, സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് അംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement