ഞങ്ങളല്ലേ, ബെസ്റ്റ് ടീം

Thursday 25 August 2022 11:46 PM IST

ലോക ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിൽ മത്സരിച്ച് 64 കാരി അമ്മയും 33കാരൻ മകനും

ടോക്യോ: 64-ാം വയസിൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇസ്രയേലിനുവേണ്ടി റാക്കറ്റേന്തി വിസ്മയിപ്പിച്ചിരിക്കുകയാണ് സ്വെറ്റ്ലാന സിൽബർമാൻ എന്ന പഴയ സോവിയറ്റ് യൂണിയൻകാരി. സ്വന്തം മകനൊപ്പമാണ് മിക്സഡ് ഡബിൾസിൽ സ്വെറ്റ്ലാന ഇക്കുറി ടോക്യോയിൽ മത്സരിക്കാനിറങ്ങിയത്.

പ്രായത്തെ പടിക്ക് പുറത്താക്കിയുള്ള സ്വെറ്റ്ലാനയുടെ ഈ പോരാട്ടത്തിന് ഒരു പ്രതികാരത്തിന്റെ മധുരം കൂടിയുണ്ട്. സ്വെറ്റ്ലാനയ്ക്ക് 25 വയസ്സുള്ളപ്പോൾ അവരെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കളിപ്പിക്കാൻ സോവിയറ്റ് യൂണിയൻ ടീം തയ്യാറായില്ല. പ്രായം കൂടിപ്പോയി എന്ന കാരണം പറഞ്ഞാണ് 39 കൊല്ലം മുമ്പ് . ഒഴിവാക്കിയത്. അതുകഴിഞ്ഞ് കാലം ഏറെ പിന്നിട്ടു. സോവിയറ്റ് യൂണിയൻതന്നെ ഇല്ലാതായി. പക്ഷേ, സ്വെറ്റ്ലാന ഇപ്പോഴും ബാഡ്മിന്റൺ റാക്കറ്റുമായി മകൻ മിഷ സിൽബർമാന്റെകൂടെ മിക്‌സഡ് ഡബിൾസിൽ കളിക്കുന്നു !.

64-കാരിയായ അമ്മയും 33-കാരനായ മകനും ചേzന്ന മിക്സഡ് ടീം ഇക്കുറി ടോക്യോയിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരത്തിൽ ഈജിപ്തിന്റെ ആദം എൽഗമൽ-ദോഹ ഹാനി മുസ്തഫ സഖ്യത്തെ തോൽപ്പിക്കുകയും ചെയ്തു.സ്കോർ : 16-21, 21-18, 21-11 . ഇതോടെ, ലോകചാമ്പ്യൻഷിപ്പിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമായി സ്വെറ്റ്ലാന റെക്കാഡ് കുറിച്ചു. രണ്ടാം റൗണ്ടിൽ പക്ഷേ, മലേഷ്യൻ സഖ്യത്തോട് തോറ്റു.

പഴയ സോവിയറ്റ് യൂണിയനിലാണ് ജനിച്ചതെങ്കിലും പിന്നീട് ഇസ്രായേലിലേക്ക് കുടിയേറിയ സ്വെറ്റ്ലാന ഇസ്രായേൽ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ 17 തവണയും മിക്‌സഡ് ഡബിൾസിൽ 21 തവണയും കിരീടം നേടിയിട്ടുണ്ട്. സ്വെറ്റ്ലാനയ്ക്ക് ഈ പ്രായത്തിലും കളിക്കളംവിട്ടൊരു കളിയില്ല. മിഷയുടെ കോച്ചും അമ്മയാണ്. മകന് ഡബിൾസിൽ പറ്റിയ പങ്കാളിയെ കിട്ടാതായതോടെയാണ് അമ്മതന്നെ കോർട്ടിലിറങ്ങിയത്. 2009 ലോകചാമ്പ്യൻഷിപ്പിൽ ഇരുവരും ആദ്യമായി മിക്‌സഡിൽ ഇറങ്ങി. തന്റെ പ്രധാനയിനം പുരുഷ സിംഗിൾസ് ആണെന്നും ഒന്നിച്ചുകളിക്കുന്നതിലെ സന്തോഷം അനുഭവിക്കാനാണ് അമ്മയ്‌ക്കൊപ്പം കളിക്കുന്നതെന്നും മിഷ പറയുന്നു. മൂന്നുതവണ ഒളിമ്പിക്സിൽ മത്സരിച്ച മിഷ സിംഗിൾസ് ലോകറാങ്കിംഗിൽ 47-ാം സ്ഥാനത്താണിപ്പോൾ.

സിംഗിൾസ് താരങ്ങൾ വിരമിക്കുന്ന പ്രായത്തിലെത്തിയിരിക്കുകയാണ് മിഷ. അതേക്കുറിച്ച് ചോദിച്ചാൽ ഒറ്റ മറുപടിയേ ഉള്ളൂ, "ആദ്യം അമ്മ വിരമിക്കട്ടേ, എന്നിട്ടാവാം ഞാൻ".

Advertisement
Advertisement