നിയമ വകുപ്പിന് ഗുരുതര വീഴ്ച: കാലിത്തീറ്റ വിതരണ നിയന്ത്രണ ബിൽ പിൻവലിക്കേണ്ടി വരും

Friday 26 August 2022 12:10 AM IST

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത കാലിത്തീറ്റയും കോഴിത്തീറ്റയും മറ്റും സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിനെതിരെ നിയമസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബിൽ പിൻവലിക്കേണ്ടി വരും. ബിൽ തയാറാക്കുന്നതിൽ സെക്രട്ടേറിയറ്റ് നിയമവകുപ്പിലുണ്ടായ ഗുരുതര പിഴവാണ് കാരണം.

ബിൽ ബുധനാഴ്ച സഭ ചർച്ച ചെയ്ത് സെലക്ട് കമ്മിറ്റിക്ക് വിട്ടെങ്കിലും, നിയമസാധുതയില്ലാത്തതിനാൽ പിൻവലിച്ച് പുതിയ ബിൽ കൊണ്ടുവരാതെ പോംവഴിയില്ലെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.ഗവർണർ ഒപ്പിടാത്തതിനാൽ അസാധുവായ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളിലൊന്നാണിത്.പുതിയ ബില്ലായതിനാൽ, മുമ്പത്തെ ഓർഡിനൻസിലെ വ്യവസ്ഥ പ്രകാരമുള്ള ശിക്ഷാനടപടികൾക്ക് മുൻകാല സാധൂകരണം നൽകാനാവില്ല. ക്രിമിനൽ നിയമത്തിന് മുൻകാല പ്രാബല്യം

ഭരണഘടനാവിരുദ്ധമാണ്. ഈ വ്യവസ്ഥ മാറ്റാതെ ബിൽ തയാറാക്കിയതാണ് പാകപ്പിഴ.

പരിശോധനയിലെ സൂക്ഷ്മതക്കുറവ് കഴിഞ്ഞ ദിവസം രാത്രി ചേർന്ന സബ്ജ്ക്ട് കമ്മിറ്റി യോഗത്തിലും രൂക്ഷവിമർശനത്തിനിടയാക്കി. നിയമമന്ത്രി തന്നെ വകുപ്പുദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചതായാണ് വിവരം. നിയമസഭയിൽ ബില്ലവതരിപ്പിച്ചപ്പോൾ ഭരണപക്ഷത്തെ ജനതാദൾ-എസ് അംഗം മാത്യു.ടി.തോമസ് ഇക്കാര്യം ചൂണ്ടിക്കാട്ടി തടസ്സവാദമുന്നയിച്ചിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും

ബിൽ പിൻവലിക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടു. മാത്യു.ടി.തോമസിന്റെ വാദം ശരി വച്ച സ്പീക്കർ, മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടരാൻ അനുവദിക്കുകയായിരുന്നു.

ശിക്ഷ 20ാം വകുപ്പിൽ

വ്യവസ്ഥാ ലംഘനം കണ്ടെത്തിയാലുള്ള ശിക്ഷാ വ്യവസ്ഥ ബില്ലിലെ 20ാം വകുപ്പിലാണ്.ആദ്യത്തെ ലംഘനമാണെങ്കിൽ 60 ദിവസം മുതൽ ആറ് മാസം വരെ ലൈസൻസ് സസ്പെൻഡ് ചെയ്യൽ. അല്ലെങ്കിൽ 25,000 രൂപ മുതൽ 50,000 രൂപ വരെ പിഴ. അല്ലെങ്കിൽ രണ്ടും കൂടി.രണ്ടാമത്തെ ലംഘനത്തിന്, ആറ് മാസം മുതൽ ഒരു വർഷം വരെ

ലൈസൻസ് സസ്പെൻഡ് ചെയ്യൽ. അല്ലെങ്കിൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ

പിഴ. അല്ലെങ്കിൽ രണ്ടും കൂടി.

Advertisement
Advertisement