തമിഴ്നാട്ടിൽ വിപുലമായ ഗുരുദേവ ജയന്തി ആഘോഷം

Friday 26 August 2022 1:51 AM IST

തമിഴ്നാട്ടിൽ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ ശിവഗിരിമഹാസമാധിയിൽസ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്തപ്പോൾ.

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി തമിഴ്നാട്ടിൽ വിപുലമായി ആഘോഷിക്കാൻ ശിവഗിരി മഠം തീരുമാനിച്ചു.മധുര തിരുപ്രംകുണ്ട്രം ശ്രീനാരായണഗുരു മഠം കേന്ദ്രീകരിച്ച്, ഗുരുദേവ കൃതികളുടെ പാരായണം, ഘോഷയാത്ര, സമ്മേളനം, അന്നദാനം, കലാപരിപാടികൾ എന്നിവയുൾപ്പെടെയുള്ള ആഘോഷങ്ങൾക്കായി സ്വാമി വെങ്കടേശ്വർ, സ്വാമി വീരേശ്വരാനന്ദ എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

മധുര തിരുനഗറിൽ നിന്ന് തിരുപ്രംകുണ്ട്രം മഠത്തിലേക്കുള്ള ഘോഷയാത്രയ്ക്ക് ഗുരുദേവ ഫ്ളോട്ടുകളും വാദ്യമേളങ്ങളും അകമ്പടി സേവിക്കും. ഘോഷയാത്രയിൽ പങ്കെടുക്കുന്നതിന് മധുര, രാജപാളയം, തിരുനൽവേലി, വിക്രമസിംഹപുരം എന്നിവിടങ്ങളിൽ നിന്ന് ഭക്തർ എത്തിച്ചേരും. സമ്മേളനത്തിൽ മന്ത്രിമാരും എം.പി.മാരും പങ്കെടുക്കും.

ജയന്തി ആഘോഷങ്ങൾക്കായി ഇൻഡ്രോയൽ സുഗതൻ ആദ്യ സംഭാവനയായി രണ്ടുലക്ഷം രൂപ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് കൈമാറി. ആഘോഷങ്ങളുടെ ലോഗോ മഹാസമാധിയിൽ പ്രകാശനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, ഗുരുധർമ്മപ്രചരണസഭാ വൈസ്‌പ്രസിഡന്റ് അനിൽ തടാലിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement