 ഇടനിലക്കാരനെ തിരയുന്നു എസേയുടെ ഫോണിൽ നിറയെ 'മലയാളി വിളികൾ'

Sunday 28 August 2022 12:40 AM IST

കൊച്ചി: മയക്കുമരുന്ന് കേസിൽ പാലാരിവട്ടം പൊലീസ് ബംഗളൂരുവിൽ നിന്ന് സാഹസികമായി പിടികൂടിയ നൈജീരിയൻ സ്വദേശി ഒക്കഫോർ എസേ ഇമ്മാനുവലിന്റെ (36) വാട്സ്ആപ്പ് കാൾ പട്ടികയിൽ നിറയെ കേരള നമ്പറുകൾ. ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് കൂടുതൽ മലയാളി ബന്ധങ്ങൾ പൊലീസിന് ലഭിച്ചത്. എസേയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെ കണ്ടെത്താനുള്ള നീക്കം പൊലീസ് ഊർജിതമാക്കി.

എസേയുടെ കേരളത്തിലെ എം.ഡി.എ.എ വില്പന നിയന്ത്രിച്ചിരുന്ന മലയാളിയെ കണ്ടെത്താനായിട്ടില്ല. ഇടനിലക്കാരനായിരുന്ന ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ മൂന്ന് യുവാക്കൾ പിടിയിലായതിന് പിന്നാലെ മുങ്ങിയെന്നാണ് കരുതുന്നത്. ഇയാൾ വഴി സമീപിക്കുന്നവർക്ക് മാത്രമേ എസേ എം.ഡി.എം.എ കൈമാറിയിരുന്നുള്ളൂ. വാട്സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയവരിൽ മഹാഭൂരിഭാഗവും ചെറുകിട വില്പനക്കാരെന്നാണ് നിഗമനം. ഓരോരുത്തേരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. എസേയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തിങ്കളാഴ്ച പൊലീസ് കോടതിയെ സമീപിക്കും.

ജൂലായ് 20ന് രാത്രി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ലിങ്ക് റോഡിൽ 102 ഗ്രാം എം.ഡി.എം.എയുമായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായ ഹാറൂൺ സുൽത്താനിൽ നിന്ന് നീണ്ട അന്വേഷണമാണ് ബംഗളൂരുവിലെ വൻ മയക്കുമരുന്ന് മാഫിയ സംഘത്തിലെ കണ്ണിയായ എസേയിൽ എത്തിനിന്നത്. ഹാറൂണിന് പിന്നാലെ അലിൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരെ വിവിധ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ബംഗളൂരുവിൽ താമസിച്ച് വൻതോതിൽ എം.ഡി.എം.എ കയറ്റി അയക്കുന്നത് ഫോർട്ടുകൊച്ചി സ്വദേശി വർഗീസ് ജോസഫാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇയാളാണ് നൈജീരിയൻ സ്വദേശിയെക്കുറിച്ചുള്ള വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എറണാകുളത്തേക്ക് മാത്രം 4.5 കിലോഗ്രാം എം.ഡി.എം.എയാണ് എസേ വില്പന നടത്തിയത്.

Advertisement
Advertisement