സർവകലാശാലാ ബില്ലിൽ വീണ്ടും ഭേദഗതി

Sunday 28 August 2022 12:00 AM IST

തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരാൻ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് പകരം അഞ്ചംഗ കമ്മിറ്റി രൂപീകരിക്കാനുള്ള സർവകലാശാലാ ഭേദഗതി ബില്ലിൽ വീണ്ടും ഭേദഗതി വരുത്തിയേക്കും.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ കൺവീനറായി സെർച്ച് കമ്മിറ്റി രൂപീകരിക്കുന്ന ഭേദഗതിയാണ് സഭയിൽ അവതരിപ്പിച്ചത്. എന്നാൽ, സർവകലാശാലകളുമായും കോളേജുകളുമായും ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിൽ ഉണ്ടാവരുതെന്ന് യു.ജി.സി നിർദ്ദേശമുള്ളതിനാൽ ബില്ലിന്റെ ഉദ്ദേശ്യശുദ്ധി ഗവർണർ പരസ്യമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് കൗൺസിൽ ഉപാദ്ധ്യക്ഷനെ ഒഴിവാക്കി പുതിയ ഭേദഗതി വരുത്താനാണ് നീക്കം. ബിൽ വീണ്ടും സഭയിൽ അവതരിപ്പിക്കുമ്പോൾ ഇത് ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്താനാണിട. പകരം ആരാണെന്ന് ഇപ്പോൾ വ്യക്തമല്ല.

നേരത്തേ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് ഒറ്റ പാനലോ അംഗങ്ങൾക്ക് വ്യത്യസ്ത പാനലോ ഗവർണർക്ക് സമർപ്പിക്കാമെന്നായിരുന്നു വ്യവസ്ഥ. അഞ്ചുപേരുടെ പാനലിലെ ഭൂരിപക്ഷം നോക്കി ഒറ്റ പാനൽ നൽകണമെന്നാണ് ഭേദഗതി. കൺവീനർക്ക് പുറമേ സിൻഡിക്കേറ്റ്, സർക്കാർ, ചാൻസലർ, യു.ജി.സി എന്നിവരുടെ പ്രതിനിധികളാണ് അഞ്ചംഗ സെർച്ച് കമ്മിറ്റിയിൽ ഉണ്ടാവുക.

Advertisement
Advertisement