ഗുരുവായൂർ - പത്തനംതിട്ട - തിരുവനന്തപുരം, ആശ്വാസമാകാൻ പുതിയ രാത്രി ബസ്

Sunday 28 August 2022 12:25 AM IST

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഡിപ്പോയിൽ നിന്ന് എരുമേലി, റാന്നി, പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരത്തേക്ക് പുതിയ സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. രാത്രി സർവീസായാണ് ഇത് ആരംഭിച്ചിരിക്കുന്നത്. തൃശൂർ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, ചടയമംഗലം, വെഞ്ഞാറംമൂട് വഴിയാണ് ബസ് തിരുവനന്തപുരത്തേക്ക് എത്തുക. തിരികെ ഇതേ റൂട്ടിൽ തന്നെയാകും യാത്ര. രണ്ട് ബസുകൾ സർവീസിനായി ഉണ്ടാകും.
ഗുരുവായൂരിൽ നിന്നുള്ള ബസ് ഉച്ചയ്ക്ക് 12.50ന് അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. രാവിലെ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുന്നവരെ ലക്ഷ്യമിട്ടാണ് സർവീസ്. വൈകിട്ട് 6.30ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ബസ് പുലർച്ചെ 3.30ന് ഗുരുവായൂരിലെത്തുമെന്നതിനാൽ ക്ഷേത്രദർശനത്തിനു പോകുന്നവർക്ക് ഏറെ ഉപകാരപ്രദമാകും.
ഗുരുവായൂർ നിന്ന് പുറപ്പെട്ട് 4.30ന് തൊടുപുഴ, 5.10ന് പാലാ, 6.30ന് എരുമേലി, 6.50ന് റാന്നി, രാത്രി 7.25ന് പത്തനംതിട്ട, 8.20ന് പുനലൂർ, രാത്രി 10.15ന് ബസ് തിരുവനന്തപുരത്തെത്തും.
ഗുരുവായൂർക്കുള്ള ബസ് വൈകുന്നേരം 6.30നാണ് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്നത്. 8.25ന് പുനലൂർ, 9.40ന് പത്തനംതിട്ട, 10.05ന് റാന്നി, 10.25ന് എരുമേലി, 10.45ന് കാഞ്ഞിരപ്പള്ളി, 11.40ന് പാലാ, രാത്രി 12.20ന് തൊടുപുഴ, 2.45ന് തൃശൂർ എന്നിങ്ങനെയാണ് സമയക്രമം.

Advertisement
Advertisement