ഓണക്കിറ്റിലേക്ക് മൂന്ന് ലക്ഷം ശർക്കര വരട്ടി പാക്കറ്റുകളൊരുക്കി അട്ടപ്പാടി കുടുംബശ്രീ

Saturday 27 August 2022 11:41 PM IST
അട്ടപ്പാടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ശർക്കര വരട്ടി നിർമ്മിക്കുന്നു.

അഗളി: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റിലേക്കായി അട്ടപ്പാടിയിലെ കുടുംബശ്രീ യൂണിറ്റുകൾ മുഖേന നിർമ്മിച്ചത് മൂന്ന് ലക്ഷം ശർക്കര വരട്ടി പാക്കറ്റുകൾ. അട്ടപ്പാടിയിലെ കർഷകരിൽ നിന്നും 65 ടൺ വാഴക്കുല ശേഖരിച്ചാണ് ശർക്കര വരട്ടി ഉണ്ടാക്കിയത്. കുടുംബശ്രീ മിഷൻ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭങ്ങളുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.
മല്ലിശ്വര ആനക്കട്ടി, നവരസ കാരത്തൂർ, മില്ലറ്റ് കഫേ പുതൂർ, ക്രിസ്പി ചെമ്മണ്ണൂർ എന്നീ സംരംഭക ഗ്രൂപ്പുകളാണ് ശർക്കര വരട്ടി നിർമ്മിച്ചത്. നൂറു ഗ്രാം വീതമുള്ള മൂന്ന് ലക്ഷം പാക്കറ്റുകളിലായി 81 ലക്ഷം രൂപയുടെ ശർക്കര വരട്ടിയാണ് സപ്ലൈക്കോയ്ക്ക് നൽകിയത്. ഓണക്കിറ്റിലേക്കായി സംസ്ഥാനത്ത് ഏറ്റവും അധികം ശർക്കര വരട്ടി നിർമ്മിച്ച ട്രൈബൽ ഗ്രൂപ്പാണ് അട്ടപ്പാടി കുടുംബശ്രീ. സംരംഭകരായ വള്ളി, പുഷ്പ, വഞ്ചി, രേഷി, ശെൽവി, ചന്ദ്ര, ശാന്തി, ശോഭന, ശാന്തിനി, ശ്രീധന്യ, രമ്യ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. പഞ്ചായത്ത് സമിതി, സി.ആർ.പി, മാസ്റ്റർ കർഷകർ, പാരാ പ്രൊഫഷണൽ, കൺസൾട്ടന്റ് എന്നിവർ സംരംഭകർക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്ന് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു.

Advertisement
Advertisement