പ്രായം കൂടുന്തോറും വേങ്ങരയിൽ ചായ വില കുറയും !

Sunday 28 August 2022 12:02 AM IST
പഞ്ചായത്ത് കാന്റീനിൽ ചായ കുടിക്കാൻ എത്തിയ വയോജനങ്ങൾ

വേങ്ങര: ഉയരം കൂടുന്തോറും ചായയുടെ രുചി കൂടിയാലും ഇല്ലെങ്കിലും വേങ്ങരയിൽ എത്തിയാൽ പ്രായം കൂടുന്തോറും ചായയുടെ വില കുറയുമെന്ന് ഉറപ്പ്. 70 കഴിഞ്ഞവർക്ക് വേങ്ങര പഞ്ചായത്ത് കാന്റീനിൽ അഞ്ച് രൂപയ്ക്ക് ചായ കിട്ടും. 75 കഴിഞ്ഞവരാണങ്കിൽ രണ്ട് രൂപ മതി. വയോജന സൗഹൃദ പദ്ധതികൾ സംബന്ധിച്ച പഞ്ചായത്ത് ഭരണസമിതിയുടെ കൂടിയാലോചനയ്ക്കിടെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.സലീം ആണ് ചായ വില കുറയ്ക്കുക എന്ന ആശയം മുന്നോട്ടുവച്ചത്. പഞ്ചായത്തിലെ വയോജനങ്ങൾ ഒത്തുകൂടുന്ന സായംപ്രഭ ഹോമിന് സമീപമുള്ള പഞ്ചായത്ത് കാന്റീനിലേക്ക് വയോജനങ്ങൾ ചായ കുടിക്കാൻ എത്താറുണ്ട്. സായംപ്രഭയിൽ ഇരുന്നൂറോളം അംഗങ്ങളുണ്ട്. ദിവസവും അമ്പതിൽപരം വയോജനങ്ങൾ ഇവിടെ സമയം ചെലവഴിക്കാനെത്തും. വിലയുടെ കടുപ്പമില്ലാതെ നല്ലൊരു ചായ നൽകാമെന്ന ആശയം നടപ്പാക്കിയപ്പോൾ വയോജനങ്ങളും ഹാപ്പി. വയോജന സൗഹൃദ കിയോസ്‌ക്ക് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

നേരത്തെ എഴുപത് കഴിഞ്ഞവരിൽ നിന്ന് ഏഴ് രൂപയാണ് ചായ വില ഈടാക്കിയിരുന്നത്. ഇതാണ് വീണ്ടും കുറച്ചത്. വില കുറച്ചതിലൂടെ കാന്റീനിന് വരുന്ന അധികച്ചെലവ് തന്റെ ഹോണറേറിയത്തിൽ നിന്ന് നൽകാനാണ് സലീമിന്റെ തീരുമാനം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സായംപ്രഭയിൽ വായന, ഉല്ലാസം എന്നിവയ്ക്ക് പുറമെ വട്ടപ്പാട്ട്, കോൽക്കളി പോലുള്ള കലകളിലും പരിശീലനം നൽകുന്നുണ്ട്. എല്ലാ വാർഡുകളിലും വയോ ക്ലബ്ബുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഭരണസമിതി.

Advertisement
Advertisement