പോപ്പുലർ ഫിനാൻസിയേഴ്‌സ് ഉടമയ്ക്ക് ഇടക്കാല ജാമ്യം

Sunday 28 August 2022 12:23 AM IST

കൊച്ചി: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ അറസ്റ്റിലായ പോപ്പുലർ ഫിനാൻസിയേഴ്സ് ഉടമ തോമസ് ഡാനിയലിന് റിമാൻഡ് കാലാവധി നീട്ടുന്നതിൽ കോടതിക്കു പറ്റിയ പിഴവു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇ.ഡി കേസുകളുടെ വിചാരണ ചുമതലയുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് വീഴ്‌ച പറ്റിയത്.

ജൂലായ് ഏഴിന് കോടതിയിൽ ഹാജരാക്കിയ തോമസിന്റെ റിമാൻഡ് ആഗസ്റ്റ് ഒമ്പതു വരെ നീട്ടിയിരുന്നു. എന്നാൽ മുഹറം പ്രമാണിച്ച് അന്ന് പ്രതിയെ ഹാജരാക്കാനായില്ല. എട്ടിന് കേസ് പരിഗണിച്ച കോടതി കേസ് 19 ലേക്ക് മാറ്റിയെങ്കിലും റിമാൻഡിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. റിമാൻഡ് കാലാവധി നീട്ടാതെ തന്നെ തടവിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഒമ്പതു മുതൽ അനധികൃത തടവിലാണെന്നും തോമസ് ഹൈക്കോടതിയിൽ വാദിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കേസ് പരിഗണിക്കുന്ന ദിനങ്ങളിൽ ഹാജരാകണം, കുറ്റകൃത്യങ്ങളിൽ ഇടപെടരുത് എന്നീ വ്യവസ്ഥകളും ഉണ്ട്. തിങ്കളാഴ്‌ച ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

Advertisement
Advertisement