തിരഞ്ഞെടുപ്പ് ചെലവ് അറിയിച്ചില്ല, 9016 സ്ഥാനാർത്ഥികൾ അയോഗ്യർ, അടുത്ത തദ്ദേശ ഇലക്ഷന്  മത്സരിക്കാനാവില്ല

Sunday 28 August 2022 12:34 AM IST

തിരുവനന്തപുരം:പ്രചരണത്തിന് ചെലവാക്കിയ തുകയുടെ കണക്ക് നൽകാത്തതിനാൽ 2020ലെ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ച 9016 സ്ഥാനാർത്ഥികളെ അയോഗ്യരാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ഉത്തരവായി. അഞ്ച് വർഷത്തേക്ക് മത്സരിക്കാനാവില്ല.

നിലവിലെ അംഗങ്ങൾ ആരും ഇതിൽ ഉൾപ്പെട്ടിട്ടില്ല.

ഉണ്ടായിരുന്നെങ്കിൽ അംഗത്വം നഷ്ടമാകുമായിരുന്നു. അയോഗ്യത

2027ആഗസ്റ്റ് 23വരെ ബാധകമായതിനാൽ അടുത്ത തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

ഇവരുടെ പേരുവിവരംsec.kerala.gov.inസൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2020 ഡിസംബറിലാണ് മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള 21865 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 74835 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.തിരഞ്ഞെടുപ്പ് കമ്മിഷൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെലവിന്റെകണക്ക് നൽകാത്തവരെയാണ് അയോഗ്യരാക്കിയത്. ചിലർ കണക്ക് നൽകിയെങ്കിലും പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചിരുന്നു. അവരും അയോഗ്യരായി.

അയോഗ്യരാക്കപ്പെട്ടവർ നിലവിൽ ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാണെങ്കിൽ അവരെ കണ്ടെത്തി അംഗത്വം റദ്ദാക്കേണ്ട നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് കമ്മിഷണർ നിർദ്ദേശിച്ചു.ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് ജില്ലാ കളക്ടറും ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമാണ് അധികാരികൾ

കോർപറേഷനുകളിൽ കൂടുതൽ പേർ അയോഗ്യരായത് തിരുവനന്തപുരത്താണ്-190പേർ.കൊല്ലത്ത് 40 എറണാകുളത്ത് 68,തൃശ്ശൂരിൽ 41, കോഴിക്കോട് 94,കണ്ണൂരിൽ 3 എന്നിങ്ങിനെയാണ് കണക്ക്. ജില്ലാപഞ്ചായത്തിൽ അയോഗ്യരായവർ കുറവാണ്. മലപ്പുറത്ത് 11 പേരും വയനാട് ഒരാളും പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് എട്ടുപേർ അയോഗ്യരായി. ഗ്രാമപഞ്ചായത്തിലെ അയോഗ്യർ കൂടുതൽ തിരുവനന്തപുരത്താണ്- 725പേർ. വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ 200ൽ താഴെയാണ് ഇക്കൂട്ടർ. മറ്റു ജില്ലകളിൽ 400ന് മുകളിലാണ്.

#ചെലവഴിക്കാവുന്ന തുക

ചെലവഴിക്കാവുന്ന തുക ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 1,50,000 രൂപയാണ്. ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും75,000 രൂപയും ഗ്രാമപഞ്ചായത്തിൽ 25,000 രൂപയുമാണ്.

Advertisement
Advertisement