വിളയിറക്കിയത് മഴയെടുത്തു, പച്ചപിടിക്കുമോ ഓണവിപണി

Monday 29 August 2022 12:47 AM IST

പാലക്കാട്: ജില്ലയിലെ കൃഷിമേഖലയിൽ മഴ വരുത്തിവച്ച നാശനഷ്ടങ്ങൾ ഓണവിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും ഉപഭോക്താക്കളും. ഓണം മുന്നിൽക്കണ്ട് പച്ചക്കറിക്കൃഷി ഇറക്കിയ കർഷകരുടെ പ്രതീക്ഷ വെള്ളത്തിലാതോടെ ഓണവിപണിയിലേക്കുള്ള നാടൻ പച്ചക്കറികളുടെ വരവ് ഇത്തവണ കുറയാനാണു സാദ്ധ്യത. മഴയിൽ 40 ഹെക്ടറോളം സ്ഥലത്തെ പച്ചക്കറി കൃഷിയാണ് ജില്ലയിൽ പൂർണമായും നശിച്ചത്. ഇതേ തുടർന്ന് ഏകദേശം 18 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.

ഓണവിപണി ലക്ഷ്യമിട്ടു നടത്തിയ വാഴക്കൃഷിക്കാണ് ജില്ലയിൽ ഏറെ നാശം സംഭവിച്ചത്. ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുവീണു. പച്ചക്കറി ഗ്രാമങ്ങളായ നെന്മാറ, വിത്തിനിശേരി, എലവഞ്ചേരി, വടക്കഞ്ചേരി എന്നിവിടങ്ങളിലും കൃഷിയിടങ്ങളിൽ വെള്ളകയറിയതിനാൽ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഇതോടെ കടം വാങ്ങിയും വായ്പയെടുത്തും കൃഷി ചെയ്ത കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാർഷിക വിളകളുടെ വിൽപന എങ്ങനെയാകുമെന്നാണ് ആശങ്ക. ഒപ്പം സർക്കാർ വകുപ്പുകളുടെ ന്യായവില സംഭരണം ഫലപ്രദമാകണമെന്നാണു കർഷകരുടെ ആവശ്യം.

 അയൽവക്കത്തും കണ്ണീരുതന്നെ

അപ്രതീക്ഷിതമായി മഴ ലഭിച്ചതു മൂലം ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഇത്തവണ പച്ചക്കറിക്കൃഷി കുറവാണ്. ഓണവിപണി ലക്ഷ്യമാക്കി വിളവിറക്കിയ ഭൂരിഭാഗം പേർക്കും കാലാവസ്ഥ തിരിച്ചടിയായി. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞത് പച്ചക്കറി വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു.

 ഇത്തവണ ശ്രദ്ധിച്ചോണം

ഓണത്തിന് ദിവസങ്ങൾമാത്രം ബാക്കി നിൽക്കെ പച്ചക്കറി വില കുതിക്കുകയാണ്. സദ്യയിലെ പ്രധാന വിഭവങ്ങൾക്ക് ഉപയോഗിക്കുന്ന പച്ചക്കറികളിൽ മത്തൻ, കുമ്പളം, വെള്ളരി, പടവലം, പയർ, ചേന എന്നിവയ്ക്കാണ് വില ഉയർന്നിട്ടുള്ളത്.
വെള്ളരി 16 ൽ നിന്ന് 24ൽ എത്തിപ്പോൾ ഇളവന്റെ വില 10ൽ നിന്ന് 19ലെത്തി, മത്തന് അഞ്ചു രൂപയുടെ വില വർദ്ധവനവുണ്ട്. കഴിഞ്ഞ ആഴ്ച എട്ടു രൂപയായിരുന്ന മത്തന് ഇപ്പോൾ 13 രൂപ നൽകണം. വഴുതനയ്ക്ക് 15 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. 35 രൂപയായിരുന്ന വഴുതന ഇപ്പോൾ 50ആയി ഉയർന്നിട്ടുണ്ട്. കാബേജ് (25), കാരറ്റ് (80),ബീൻസ് (40), പച്ചമുളക് (65) എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില. നാടൻ പച്ചപ്പയറിന് 60 രൂപയാണ് വില. വി.എഫ്.പി.സി.കെയും ഹോട്ടികോർപ്പും ഇടപെട്ടില്ലെങ്കിൽ വിപണിയിൽ പച്ചക്കറികളുടെ വില കുത്തനെ ഉയരാനുള്ള സാധ്യതയുണ്ട്.

എന്നാൽ വി.എഫ്.പി.സി.കെയ്ക്ക് ഇതുവരെയും സർക്കാർ നിർദ്ദേശം ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ സർക്കാറിൽ നിന്ന് ഇതുസംബന്ധിച്ച് നിർദേശം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

Advertisement
Advertisement