റിലയൻസിന്റെ 45-ാം വാർഷിക പൊതുയോഗം ഇന്ന്; 5ജി, ഹരിതോർജം - വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യത

Monday 29 August 2022 3:59 AM IST

കൊച്ചി: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന ബിസിനസ് സാമ്രാജ്യമായ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ 45-ാം വാർഷിക പൊതുയോഗം (എ.ജി.എം) ഇന്ന് നടക്കാനിരിക്കേ, ഏവരും ഉറ്റുനോക്കുന്നത് 5ജിയിലും ഹരിതോർജത്തിലും വമ്പൻ നിക്ഷേപ പ്രഖ്യാപനങ്ങൾക്ക്.

ഗ്രീൻ എനർജി: കഴിഞ്ഞവർഷത്തെ എ.ജി.എമ്മിൽ 75,000 കോടി രൂപയുടെ വമ്പൻ 'ഗ്രീൻ എനർജി" പദ്ധതി ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. അച്‌ഛൻ ധീരുബായ് അംബാനിയുടെ പേരിൽ ഗുജറാത്തിലെ ജാംനഗറിലാണ് പദ്ധതി. ഇതിന്റെ തുടർനടപടികൾ ഇന്ന് വിശദീകരിച്ചേക്കും.

5ജി: ഈമാസം ഒന്നിന് സമാപിച്ച 1.5 ലക്ഷം കോടി രൂപയുടെ 5ജി സ്‌പെക്‌ട്രം ലേലത്തിൽ ഏറ്റവുമധികം തുകയെറിഞ്ഞത് റിലയൻസ് ജിയോയാണ്. ആയിരം നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിന്റെ പ്രഖ്യാപനവും ഇന്ന് പ്രതീക്ഷിക്കാം.

ജിയോ ഫോൺ: ഗൂഗിളുമായി ചേർന്ന് ജിയോ ഫോൺ നെക്‌സ്‌റ്റ് 4ജി ഫോൺ അവതരിപ്പിക്കുമെന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. 5ജി പശ്ചാത്തലത്തിൽ പുതിയ ഫോൺ പ്രഖ്യാപിച്ചേക്കും.

 ഐ.പി.ഒ: എണ്ണ, കെമിക്കൽ ബിസിനസിലെ വമ്പന്മാരായ റിലയൻസിന് ഭാവിപ്രതീക്ഷകളുള്ള മേഖലകളാണ് റീട്ടെയിലും ടെലികോമും. ഈരംഗത്തെ ഉപസ്ഥാപനങ്ങളായ റിലയൻസ് റീട്ടെയിൽ, ജിയോ ഇൻഫോകോം എന്നിവയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) പ്രഖ്യാപനം നിക്ഷേപകലോകം ഉറ്റുനോക്കുന്നു.

തലമുറമാറ്റം: ജിയോ ഇൻഫോകോമിന്റെ ചെയർമാൻ സ്ഥാനം കഴിഞ്ഞ ജൂണിൽ മൂത്തമകൻ ആകാശ് അംബാനിക്ക് മുകേഷ് കൈമാറിയിരുന്നു. കൂടുതൽ മേഖലകളുടെ താക്കോൽസ്ഥാനം അദ്ദേഹം മക്കൾക്ക് കൈമാറിയേക്കാം.