ഓഹരികൾക്ക് ഉണർവായി വീണ്ടും വിദേശനിക്ഷേപം

Monday 29 August 2022 3:18 AM IST

കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകർ. ഈമാസം ഒന്നുമുതൽ 26വരെ തീയതികളിലായി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) 49,254 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. ജൂലായിലെ ആകെ നിക്ഷേപം 5,000 കോടി രൂപയായിരുന്നു. അതിനുമുമ്പ് കഴിഞ്ഞ ഒക്‌ടോബർ മുതൽ ജൂൺവരെ 2.46 ലക്ഷം കോടി രൂപ ഇന്ത്യയിൽ നിന്ന് പിൻവലിച്ചശേഷമാണ് എഫ്.പി.ഐ ജൂലായ് മുതൽ വീണ്ടും ഓഹരികൾ വാങ്ങിത്തുടങ്ങിയത്.

അതേസമയം, വരുംമാസങ്ങളിൽ ഇതേ ട്രെൻഡ് നിലനിറുത്തുക വെല്ലുവിളിയാണെന്ന് കരുതപ്പെടുന്നു. പലിശനിരക്ക് ഇനിയും ഉയർത്തുമെന്ന് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഡോളറിന്റെ അപ്രമാദിത്വത്തിനും വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കിനും ഇടവരുത്തിയേക്കാം. കമ്മോഡിറ്റി വിലവ്യതിയാനം, കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തനഫലങ്ങൾ തുടങ്ങിയവയും സ്വാധീനിച്ചേക്കാം.