മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം

Monday 29 August 2022 12:02 AM IST

280 സെ.മീ വ്യാസമുള്ള എം.എസ് പൈപ്പിലൂടെയാണ് വെള്ളം എത്തിക്കുക

ഉയരം കൂടിയ ഭാഗങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ വഴി വെള്ളമെത്തിക്കും

പദ്ധതിയുടെ ഭാഗമായി 14 കുളങ്ങളുടെ പുനരുജ്ജീവനം നടത്തും

ആക്വഡക്റ്റ് 3510 മീറ്റർ, സൈഫൺ 210 മീറ്റർ, ടണൽ 660 മീറ്റർ തുടങ്ങിയവയാണ് കനാലിന്റെ സവിശേഷതകൾ

ചിറ്റൂർ: മൂലത്തറ റൈറ്റ് ബാങ്ക് കനാൽ (എം.ആർ.ബി.സി) പ്രൊജക്ടിന്റെ ആദ്യഘട്ടമായി സീറോ ചെയിനേജിന്റെ പണികൾ ആരംഭിച്ചു. കിഫ്ബിയിൽ നിന്നുള്ള 262.10 കോടി രൂപ ഉപയോഗിച്ചാണ് കോരയാർ മുതൽ വരട്ടയാർ വരെ ഒന്നാംഘട്ടമായി ദീർഘിപ്പിക്കുന്നത്. ഒന്നാംഘട്ടത്തിൽ 6.42 കിലോമീറ്റർ ദൂരത്തിലാണ് കനാൽ ദീർഘിപ്പിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവൃത്തികൾ. പദ്ധതിയുടെ ഭാഗമായി കനാൽ കടന്നു പോകുന്ന വഴിയിലെ മരങ്ങൾ മുറിച്ചുമാറ്റി ലേലം ചെയ്തു. കോരയാർ മുതൽ വരട്ടയാർ വരെയുള്ള ഒന്നാംഘട്ട ദീർഘിപ്പിക്കലിന് 12 കോടി രൂപയാണ് ഭൂമിയേറ്റെടുക്കലിനായി ചെലവഴിച്ചത്. 3575 ഹെക്ടർ ഭൂമിയിൽ സുസ്ഥിര ജലസേചനം ലക്ഷ്യമിടുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ വരൾച്ചാബാധിത പ്രദേശങ്ങളായ വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകൾക്ക് ഏറെ പ്രയോജനം ലഭിക്കും. ശരാശരി വാർഷിക മഴ 100 സെന്റിമീറ്ററിൽ താഴെ ലഭിക്കുന്ന ഈ പ്രദേശങ്ങൾ മഴനിഴൽ മേഖലയാണ്. പദ്ധതി നടപ്പാകുന്നതോടെ കാർഷിക മേഖലയിലെ ഉന്നമനത്തോടൊപ്പം ജലക്ഷാമത്തിനും ശാശ്വത പരിഹാരമാകും.

വരട്ടയാർ മുതൽ വേലന്താവളം വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടം ദീർഘിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നതായും അധികൃതർ അറിയിച്ചു. മന്ത്രി കെ.കൃഷ്ണൻകുട്ടി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ്, എരുത്തേമ്പതി പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രിയദർശിനി, ആർ.സി.സമ്പത്ത്കുമാർ, ബാബുരാജ്, ശെൽവകുമാർ, എൽദോ പ്രഭു, പൊൻരാജ് എന്നിവർ പങ്കെടുത്തു.