ബി.ജെ.പി ശ്രമം ആനാവൂരിനെ വകവരുത്താൻ: എം.വി. ജയരാജൻ

Monday 29 August 2022 12:12 AM IST

തിരുവനന്തപുരം: ബി.ജെ.പിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ ആനാവൂരിനെ വകവരുത്താനായിരുന്നു ശ്രമമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു. കേന്ദ്രഭരണത്തിന്റെ അഹങ്കാരത്തിലുള്ള ആക്രമണമാണ് ബി.ജെ.പി നടത്തുന്നത്. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചവർ തങ്ങിയത് ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ആറ്റുകാൽ ക്ഷേത്രത്തിന്റെ കീഴിലുള്ള ആശുപത്രിയിലാണ്. ക്ഷേത്രകമ്മിറ്റിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതിയാണെന്നും എം.വി. ജയരാജൻ ആരോപിച്ചു.

ഭീരുത്വം നിറഞ്ഞ നടപടി: ആന്റണി രാജു

രാഷ്ട്രീയ എതിരാളികളെ കൈയൂക്കിലൂടെ കൈകാര്യം ചെയ്യാമെന്ന ധാർഷ്‌ട്യം ബി.ജെ.പി ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെ ഉണ്ടായ കല്ലേറ് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും ആക്രമണമുണ്ടായ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസ് സന്ദർശിച്ച മന്ത്രി ആന്റണിരാജു പറഞ്ഞു.

ശ്രമം കലാപാന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രമം: കാനം രാജേന്ദ്രൻ

സി.പി.എം ജില്ലാകമ്മിറ്റി ഓഫീസും ജില്ലാ സെക്രട്ടറിയുടെ വസതിയും ആക്രമിച്ച് തിരുവനന്തപുരത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഗൂഢനീക്കത്തിനെതിരെ ശക്തമായ പൊതുജനവികാരം ഉയർന്നുവരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

മുകളിൽ നിന്ന് ആസൂത്രണം ചെയ്‌തത്: ഇ.പി. ജയരാജൻ

ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ തുടർച്ചയായാണ് ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ടതെന്നും മുകളിൽ നിന്ന് ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണ് ആനാവൂരിന്റെ വീടിന് നേരെയുള്ള ആക്രമണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു.