മൈലമ്പാടിയിൽ വീണ്ടും കടുവ തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ ആക്രമിച്ചു

Monday 29 August 2022 12:02 AM IST
തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ കടുവ ആക്രമിച്ച നിലയിൽ

മീനങ്ങാടി: മൈലമ്പാടിയിൽ വീണ്ടും കടുവയിറങ്ങി. തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചു. മൈലമ്പാടി പുല്ലുമല മഞ്ചേരി ജോസഫിന്റെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ കടുവ ഓടി മറഞ്ഞു. പശുവിന്റെ കഴുത്തിലാണ് പരിക്കേറ്റത്. വീണ്ടും കടുവ ഇറങ്ങിയതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടമ്മമാർ ഉൾപ്പെടെയുള്ള നിരവധി പേർ പ്രദേശത്ത് തടിച്ചുകൂടി വനപാലകർക്ക് മുമ്പിൽ പ്രതിഷേധിച്ചു. നിലവിൽ കടുവയ്ക്കായി
കെണി സ്ഥാപിച്ച സ്ഥലത്തുനിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് കടുവയിറങ്ങി പശുവിനെ ആക്രമിച്ചത്. കർഷകന് നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തൊഴുത്തിൽ കാമറയും സ്ഥാപിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്ത് നിരവധി തവണയാണ് കടുവയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചത്.

പട്ടാപ്പകൽ പോലും കടുവ ഇറങ്ങിയിട്ടും കൂട് സ്ഥാപിക്കുന്നതൊഴിച്ച് മറ്റൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കടുവയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

Advertisement
Advertisement