കെ.എസ്.ആർ.ടി.സി സിംഗിൾ ഡ്യൂട്ടി: അനുകൂലിച്ച് നിയമവകുപ്പ്

Monday 29 August 2022 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിർദേശിക്കപ്പെട്ട സിംഗിൾ ഡ്യൂട്ടി സംവിധാനത്തിൽ നിയമപരമായി തെറ്റില്ലെന്ന് നിയമ വകുപ്പ്. തൊഴിലാളികൾ എതിർക്കുമ്പോഴും നിയമപരമായ ഡ്യൂട്ടി ക്രമമാണിതെന്ന് നിയമ സെക്രട്ടറി വി.ഹരി നായർ ഗതാഗത വകുപ്പിന് നൽകിയ കുറിപ്പിൽ പറയുന്നു.

സർക്കാർ നിർദേശപ്രകമാണ് നിയമസെക്രട്ടറി നിയമവശം പരിശോധിച്ചത്.ഡ്യൂട്ടി സമയം 12 മണിക്കൂർ വരെ നീട്ടാമെന്നും അതിൽ എട്ടുമണിക്കൂർ വാഹനത്തിൽ ജോലി ചെയ്യണമെന്നും 1961 ലെ മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി നിയമം നിഷ്‌കർഷിക്കുന്നുണ്ട്. ഒരു ദിവസത്തെ ഡ്യൂട്ടി തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതു വരെയുള്ള സമയമാണ് സ്‌പ്രെഡ് ഓവർ. ഇത് 12 മണിക്കൂറാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ ഇരട്ട ഡ്യൂട്ടി സംവിധാനമാണ് അപകടനിരക്ക് ഉയർത്തിയെന്ന വാദമാണ് മാനേജ്‌മെന്റിനുള്ളത്. .

രാവിലെ ഏഴു മുതൽ പകൽ 11 വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ വൈകിട്ട് ഏഴു വരെയുമാണ് ഓർഡിനറി ബസുകളിൽ തിരക്കുള്ളത്. ഈ സമയത്ത് കൂടുതൽ ബസുകൾ ഓടിക്കണമെങ്കിൽ സിംഗിൾ ഡ്യൂട്ടി വേണമെന്നാണ് ശുപാർശ.
അതേസമയം സിംഗിൾഡ്യൂട്ടി സംവിധാനം അംഗീകരിക്കാൻ കഴിയില്ലെന്നും നിയമോപദേശം നിയമവിരുദ്ധമാണെന്നും ബി.എം.എസ് ആരോപിച്ചു. . പ്രശ്നപരിഹാരത്തിന് തൊഴിലാളി യൂണിയനുകളെ ഉടൻ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കും. ജൂലായിലെ ശമ്പളം ഇനിയും നൽകിയിട്ടില്ല.