ടോഡി ബോർഡ് രൂപീകരിക്കണം: കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ
ഗുരുവായൂർ: സംസ്ഥാനത്ത് ടോഡി ബോർഡ് രൂപീകരിക്കണമെന്ന് കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കള്ള് ചെത്ത് വ്യവസായത്തിന്റെ ഗവേഷണത്തിനോ പരിഷ്‌കാരത്തിനോ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയ്‌ക്ക് പരിഹാരമാകുന്നവിധം ടോഡി ബോർഡ് രൂപീകരിച്ച് പ്രവർത്തിപ്പിക്കണം. മേഖലയിൽ ഗവേഷണവും പഠനവും നടത്തി വ്യവസായത്തെ നിലനിറുത്താനുള്ള നിർദേശങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.
ശുദ്ധമായ കള്ള് ആവശ്യക്കാർക്ക് കൊടുക്കുക, തെങ്ങുകളുള്ള ജില്ലകളിൽ നിന്നും കള്ള് സംഭരിച്ച് മറ്റിടങ്ങളിൽ വിതരണം ചെയ്യുക, കള്ളിൽ നിന്ന് മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സമ്മേളനം മുന്നോട്ടുവച്ചത്. ടോഡി ബോർഡിനായി സംസ്ഥാന സർക്കാർ നിയമ നിർമ്മാണം പൂർത്തിയാക്കിയത് ആഹ്ലാദകരമാണ്.
സമ്മേളനത്തെ അഭിവാദ്യചെയ്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സഹദേവൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് എന്നിവർ സംസാരിച്ചു.