കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോ. 17ന്

Sunday 28 August 2022 11:19 PM IST

ന്യൂഡൽഹി:കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒക്ടോബർ 17 ന് തിരഞ്ഞെടുപ്പ് നടത്തും..ഓൺലൈനായി ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ വിദേശത്ത് നിന്ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്തു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം സെപ്തം. 22 ന് നടത്തും. 24 മുതൽ 30 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഒക്ടോ. 8 ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഒക്ടോ. 16 വരെ സ്ഥാനാർത്ഥികൾക്ക് പ്രചരണം നടത്താം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിൽ കൂടുതൽ പേർ മത്സര രംഗത്തുണ്ടെങ്കിൽ ഒക്ടോ. 17 ന് തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോ. 19 നാണ് വോട്ടെണ്ണൽ.

സെപ്തം. 4 ന് ഡൽഹിയിൽ നടക്കുന്ന മെഹം ഗായി പർ ഹല്ല ബോൽ റാലിയും 7 ന്കന്യാകുമാരിയിൽ നിന്നാരംഭിക്കുന്ന ഭാരത് ജോഡോ യാത്രയും വൻ വിജയമാക്കാനും യോഗം തീരുമാനിച്ചു. സംഘടനാ ചുമതലകൾ രാജി വച്ച് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച ആനന്ദ് ശർമ്മയും പങ്കെടുത്തു.

ഗുലാം നബി ആസാദിന്റെ രാജി ചർച്ചയായില്ല കോൺഗ്രസ് പ്രവർത്തക സമിതി അംഗവും,മുതിർന്ന നേതാവുമായ ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ ചേർന്ന പ്രവർത്തക സമിതി യോഗം വിഷയം ചർച്ച ചെയ്തില്ല. പാർട്ടിയിൽ നിന്ന് ഉന്നതരായ കൂടുതൽ നേതാക്കൾ കൊഴിഞ്ഞ് പോകുമോ എന്ന ആശങ്കകൾക്കിടയിലും , യോഗത്തിൽ ആനന്ദ് ശർമ്മയുടെ സാന്നിദ്ധ്യം പാർട്ടി നേതൃത്വത്തിന് ഒരേ സമയം ആശ്വാസവും വെല്ലുവിളിയുമായി . ആനന്ദ് ശർമ്മ തത്ക്കാലം പാർട്ടി വിടില്ലെന്ന സന്ദേശം കോൺഗ്രസിന് ആശ്വാസകരമാണ്., എന്നാൽ,പ്രസിഡന്റ് സ്ഥാനത്തേക്ക് ജി. 23 നേതാക്കളിൽ ആരെങ്കിലും മത്സരത്തിനെത്തുമോയെന്നാണ് ആശങ്ക. പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിൽ ഒരു വിഭാഗം അശോക് ഗെലോട്ട് പ്രസിഡന്റാവുന്നതിനെ എതിർക്കുകയാണ്. അശോക് ഗെലോട്ടിന്റെ മുഖ്യ എതിരാളിയും യുവ നേതാവുമായ സച്ചിൻ പൈലറ്റിനെ പാർട്ടി പ്രസിഡന്റാക്കണമെന്ന് എം.പിമാരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.ആനന്ദ് ശർമ്മ, മനീഷ് തിവാരി, ശശി തരൂർ എന്നീ ജി.23 നേതാക്കൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എടുക്കുന്ന നിലപാടിലും നേതൃത്വത്തിന് ആശങ്കയുണ്ട്.