പത്തു കോടിയുടെ തിമിംഗല ഛർദ്ദി: 3 പേർ അറസ്റ്റിൽ

Monday 29 August 2022 12:00 AM IST

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വിപണിയിൽ പത്തു കോടി വില മതിക്കുന്ന തിമിംഗല ഛർദ്ദിയുമായി മൂന്നം​ഗ സംഘം പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ ടാക്സി ഡ്രൈവറായ കൊവ്വൽപള്ളി കോടോത്ത് വളപ്പിൽ കെ.വി നിഷാന്ത് (41),പെയിന്റിംഗ് തൊഴിലാളിയായ മുറിയനാവി മാടമ്പില്ലത്ത് സിദ്ദിഖ് (31),കൊട്ടോടി മാവിൽ ഹൗസിൽ പി. ദിവാകരൻ(45)എന്നിവരെയാണ് ഡി.സി.ആർ.ബി ഡിവൈ.എസ്.പി അബ്ദുൽ റഹിം,കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ,ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഒരു മാസത്തോളം അന്വേഷണം നടന്നു. നിഷാന്ത് കർണാടകയിൽ നിന്നാണ് ഛർദ്ദി എത്തിച്ചത്. ഏജന്റ് ദിവാകരനാണ് പണവുമായി ആളെ എത്തിക്കുന്നത്.

രാജേഷ് മാണിയാട്ട്,ശിവകുമാർ,ഓസ്റ്റിൻ തമ്പി,ഷജീഷ്,ഹരീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.